Photo: Reuters
ബ്യൂണസ് ഏറീസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടർമാർ അശ്രദ്ധയിലൂടെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുനായി മാറഡോണയെ പരിചരിച്ച നഴ്സിന്റെ അഭിഭാഷകൻ. മാറഡോണയുടെ മരണത്തിൽ അന്വേഷണം നേരിടുന്ന നഴ്സിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നത്.
ഡഹിയാന ഗിസെല മാഡ്രിഡ് എന്ന നഴ്സിനെ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്റെ പ്രതികരണം. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് മാറഡോണയെ ചികിത്സിക്കുകയായിരുന്നു ആ സമയം. അതിനൊപ്പം മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നു. ഇത് ഹൃദയമിടിപ്പ് കൂടാൻ കാരണമായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം വീണു. ഈ സമയം സിഎടി സ്കാൻ എടുക്കാൻ മാറഡോണ ആവശ്യപ്പെട്ടെങ്കിലും സഹായി അത് സമ്മതിച്ചില്ല. മാധ്യമങ്ങൾ അറിഞ്ഞാൽ മോശമാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മാറഡോണ മരിക്കാൻ പോകുകയാണെന്ന സൂചന നൽകുന്ന പല കാര്യങ്ങളുമുണ്ടായി. എന്നാൽ ഇത് തടയാൻ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല. അഭിഭാഷകൻ ആരോപിച്ചു.
മാറഡോണയെ പരിചരിച്ച ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരേയാണ് അന്വേഷണം. മാറഡോണയ്ക്ക് ആവശ്യമുള്ള ചികിത്സ ലഭിച്ചില്ലെന്നും വിധിക്ക് വിടുകയായിരുന്നു അദ്ദേഹത്തെ എന്നും വിദഗ്ദ്ധ സംഘം കണ്ടെത്തിയതോടെയാണ് കൊലക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചത്. കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ എട്ടു വർഷം മുതൽ 25 വർഷം വരെ നീളുന്ന തടവുശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ മുപ്പതിനാണ് മാറഡോണ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. തലയിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു ഫുട്ബോൾ ഇതിഹാസം. ഇതിനിടയിലാണ് അപ്രതീക്ഷിത വിയോഗം.
Content Highlights: Lawyer For Nurse Suspected In Maradona Death Says Doctors Killed Him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..