അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

അഹമ്മദാബാദില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതാണ് നിയന്ത്രണത്തിന് കാരണം. കേസുകള്‍ വര്‍ധിച്ചതിനാല്‍ ബി.സി.സി.ഐയുമായി കൂടിയാലോചിച്ച് ജി.സി.എ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. ടിക്കറ്റ് വാങ്ങിയ കാണികള്‍ക്ക് തുക തിരികെ നല്‍കുമെന്നും ജി.സി.എ അറിയിച്ചു.

അഹമ്മദാബാദില്‍ നടന്ന ആദ്യ ട്വന്റി 20 മത്സരം കാണാന്‍ 67,532 പേരാണ് എത്തിയത്. 66,000ത്തിലധികം പേര്‍ രണ്ടാം മത്സരം കാണാനെത്തി.

ഗുജറാത്ത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ആരാധകരുടെയും മത്സര നടത്തിപ്പുകാരുടെയും സുരക്ഷയ്ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബി.സി.സി.ഐ അറിയിച്ചു.

Content Highlights: Last 3 T20 s in Ahmedabad to be played behind closed doors