മിലാന്‍: യുവെന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ച് ലാസ് വെഗാസ് പോലീസ്.

2009-ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയിലാണ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.

2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്റെ കക്ഷി കാതറിന്‍ മയോര്‍ഗയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച അറ്റോര്‍ണി ലെസ്ലി മാര്‍ക്ക് സ്‌റ്റൊവാള്‍, ക്ലാര്‍ക്ക് കണ്‍ട്രി ജില്ലാ കോടതിയില്‍  പരാതി സമര്‍പ്പിച്ചിരുന്നു. കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഇതാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ കാരണമായതെന്ന് ലാസ് വെഗാസ് പോലീസിനെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാതറിന്‍ മയോര്‍ഗ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സെപ്റ്റംബറില്‍ തന്നെ കേസില്‍ അനൗദ്യോഗിക അന്വേഷണം നടന്നുവരുന്നതായും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ സാധിക്കില്ലെന്നും ലാസ് വെഗാസ് പോലീസ് വ്യക്തമാക്കി.

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Cristiano Ronaldo

കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് കഴിഞ്ഞയാഴ്ച റൊണാള്‍ഡോയ്ക്കെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാതറിന്റെ ആരോപണം. ഇത് പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

അതേസമയം റൊണാള്‍ഡോ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോടുകൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ വിട്ട് റയലിലേക്ക് മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്. ലാസ് വെഗാസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു റൊണാള്‍ഡോ. അന്ന് 25-കാരിയിയിരുന്ന മയോര്‍ഗ റെയ്ന്‍ എന്ന നിശാക്ലബ്ബില്‍ ജോലി ചെയ്യുകയായിരുന്നു.

cristiano ronaldo

നിശാക്ലബ്ബില്‍ റൊണാള്‍ഡോയും യുവതിയും ഒന്നിച്ചുള്ള ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. യുവതിയെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കാതറിന്റെ പരാതിയില്‍ പറയുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞപ്പോള്‍ യുവതി അതിന് തയ്യാറായി. എന്നാല്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ യുവതി എതിര്‍ത്തു. ഈ സമയം തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതിനൊടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചെന്നും താനൊരു മാന്യനാണെന്നു പറഞ്ഞെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights: las vegas police reopen case after cristiano ronaldo sued for sexual assault