സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ലാജുവന്ദി അഞ്ചുമാസം പ്രായമുള്ള മകളുമായി ഭർത്താവ് അരുണിനൊപ്പം | Photo: Mathrubhumi
താമരശ്ശേരി: 12 വര്‍ഷത്തിനുശേഷം ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി താമരശ്ശേരി സ്വദേശിനി ലാജുവന്ദി. എട്ടാംക്ലാസില്‍ തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശനം നേടിയ ലാജുവന്ദി ഡിഗ്രിപഠനം വരെയുള്ള കാലയളവില്‍ സംസ്ഥാന-ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഒട്ടേറെ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
2008-ല്‍ ദേശീയചാമ്പ്യന്‍ഷിപ്പില്‍ വുമണ്‍ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിമെഡലും തൊട്ടടുത്ത വര്‍ഷം ദേശീയ ക്യാമ്പില്‍ സെലക്ഷനും ലഭിച്ച ലാജുവന്ദി പരിക്കും ജീവിതപ്രാരബ്ധങ്ങളും വിലങ്ങുതടിയായതോടെയാണ് 12 വര്‍ഷം മുന്‍പ് മത്സരരംഗത്തുനിന്ന് വിട്ടുനിന്നത്.
എന്നാല്‍ വിവാഹിതയും മൂന്നുമക്കളുടെ അമ്മയും ആയെങ്കിലും മുപ്പതാംവയസ്സില് ബോക്സിങ്റിങ്ങിലേക്കുള്ള തിരിച്ചുവരവ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടി തിളക്കമുള്ളതാക്കി മാറ്റിയിരിക്കുകയാണ് ലാജുവന്ദി. വീട്ടിലെ പ്രയാസങ്ങള്‍കാരണം സ്പോര്‍ട്സ് രംഗത്തുനിന്ന് വിട്ടുനിന്ന ഇവര്‍ പിന്നീട് ഫിറ്റ്നസ് ട്രെയിനര്‍ ആയി ജോലിനോക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍നിന്ന് സ്വര്‍ണമെഡല്‍ നേട്ടത്തോടെയാണ് ഈ വര്‍ഷം തിരിച്ചുവരവ് നടത്തിയത്. മാര്‍ച്ച് 13-ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തില്‍ വെള്ളി നേടുമ്പോള്‍ സാക്ഷിയായി ഭര്‍ത്താവ് അരുണിനൊപ്പം അഞ്ചുമാസം പ്രായമുള്ള മകള്‍ ദീക്ഷിധോക്തികയും ഉണ്ടായിരുന്നു.
സ്പോര്‍ട്സ് ക്വാട്ടയില്‍ വാഗ്ദാനംചെയ്യപ്പെട്ട ജോലി ഇതുവരെയും ലഭിച്ചില്ലെന്ന ദുഃഖമാണ് ബോക്സിങ്ങില്‍ കരുത്തുതെളിയിച്ച ലാജുവന്ദിയില് ഇപ്പോള്‍ ബാക്കിയുള്ളത്. അര്‍ഹതപ്പെട്ട ജോലി ലഭിച്ചില്ലെങ്കില്‍ വനിതാ ബോക്സിങ് കോച്ചുമാരില്ലാത്ത കേരളത്തിലെ ആദ്യത്തെ വനിതാകോച്ചാവണം എന്ന ആഗ്രഹം ലാജുവന്ദി പങ്കുവെക്കുന്നു.
പട്യാലയിലെ നാഷണല്‍ കോച്ചിങ് അക്കാദമിയിലെ കോഴ്സ് ചെയ്യുന്നതിനും തടസ്സമായിനില്‍ക്കുന്നത് സാമ്പത്തികപ്രയാസങ്ങളാണ്. എങ്കിലും പ്രശ്നങ്ങളെയും പ്രയാസങ്ങളെയും ഇടിച്ചുനിരത്തി വീണ്ടും മത്സരിച്ച് സംസ്ഥാനതലത്തില്‍ നേട്ടംകൈവരിച്ചതിന്റെ ആഹ്ളാദത്തിലാണ് ലാജുവന്ദിയും ഭര്‍ത്താവ് അരുണും. ഭാര്യയ്ക്ക് ഇനിയും മുന്നേറാന്കഴിയുമെന്നും ആദ്യ വനിതാ ബോക്സിങ് കോച്ചാവാന്‍ കഴിയുമെന്നും അരുണും പ്രത്യാശ പ്രകടിപ്പിക്കുന്നു.
Content Highlights: Lajuvandi shines on her return to the boxing ring
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..