Photo: twitter.com|babarazam258
ലാഹോര്‍: പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് നസീറാബാദ് പൊലീസ് കേസെടുത്തു. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് താരത്തിനെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരേ ലൈംഗിക പീഡനമാരോപിച്ച് കേസ് സമര്‍പ്പിച്ചത്. 2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതി പൊലീസിന് മുന്‍പാകെ സമര്‍പ്പിക്കുന്നത്.
താരം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട ചില മെഡിക്കല്‍ രേഖകള്‍ ഹമിസ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനുപിന്നാലെയാണ് ലാഹോര്‍ പൊലീസിനോട് ബാബറിനെതിരേ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നൊമാന്‍ മുഹമ്മദ് നയീം ആവശ്യപ്പെട്ടത്.
പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച് താരത്തിനെതിരേ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. നിലവില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ബാബര്‍ അസം. തള്ളവിരലിനേറ്റ പരിക്കുമൂലം താരം ഈയിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തില്‍ കളിച്ചിരുന്നില്ല. സൗത്ത് ആഫ്രിക്കയുമായി രണ്ട് ടെസ്റ്റുകളിലും 3 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്താന്‍ കളിക്കും. ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് മത്സരങ്ങള്‍ നടക്കുക.
Content Highlights: Lahore court orders FIR against Pakistan captain Babar Azam over sexual harassment complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..