ജോര്‍ജിയ (യു.എസ്.എ): വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയെ കണ്ടെത്താന്‍ സാമ്പത്തിക സഹായവുമായി ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ.

തിരച്ചിലിന്റെ ചുമതല ഏജന്‍സികളെ ഏല്‍പ്പിക്കാനായി നടക്കുന്ന ക്രൗഡ് ഫണ്ടിങ് ക്യാമ്പയിനിലേക്ക് 34,000 യു.എസ് ഡോളര്‍ (ഏകദേശം 24 ലക്ഷത്തോളം രൂപ) ആണ് എംബാപ്പെ നല്‍കിയത്. 

സലയ്ക്കായുള്ള തിരച്ചില്‍ ബ്രിട്ടീഷ് അധികൃതര്‍ വ്യാഴാഴ്ച നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാണ് തിരച്ചിലിനായി സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാനായി ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്. സല ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ തിരച്ചില്‍ അവസാനിപ്പിച്ചത്.

ഇതിനു പിന്നാലെ സലയുടെ ഏജന്‍സി പണം സ്വരൂപിക്കുന്നതിനായി ഫണ്ട് രൂപീകരിക്കുകയായിരുന്നു. ഇതിലേക്കാണ് എംബാപ്പെ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംഭാവന നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ തിങ്കളാഴ്ച ഫ്രാന്‍സിലെ നാന്റെസില്‍നിന്ന് വെയ്ല്‍സ് തലസ്ഥാനമായ കാര്‍ഡിഫിലേക്ക് പറക്കുന്നതിനിടയിലാണ് അര്‍ജന്റീനക്കാരനായ സല സഞ്ചരിച്ച ചെറുവിമാനം കാണാതായത്. നാന്റെസില്‍നിന്ന് രാത്രി 7.15-ന് പുറപ്പെട്ട വിമാനം 8.30 വരെ റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ശേഷം വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. സലയെ കൂടാതെ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Content Highlights: kylian mbappe donates 34000 to help find emiliano sala