തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി.വി. രാജ കായികപുരസ്‌കാരത്തിന് അത്ലറ്റുകളായ കുഞ്ഞുമുഹമ്മദും മയൂഖാ ജോണിയും അര്‍ഹരായി.
മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാസ്‌കറ്റ് ബോള്‍ താരം പി.എസ്. ജീന ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. കായികമന്ത്രി ഇ.പി. ജയരാജനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച കായിക മാധ്യമപ്രവര്‍ത്തകനുള്ള ജി.വി. രാജ പുരസ്‌കാരത്തിന് മാതൃഭൂമി കൊച്ചി യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം അര്‍ഹനായി. 'ട്രാക്ക് തെറ്റിയോടുന്ന കായിക കേരളം' എന്ന പരമ്പരയ്ക്കാണ് 50,000 രൂപയുടെ അവാര്‍ഡ്.
ദേശാഭിമാനിയിലെ കെ.എസ്. പ്രവീണ്‍കുമാറാണ് മികച്ച ഫോട്ടോഗ്രാഫര്‍. സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള അവാര്‍ഡ് പ്രകാശ് താമരക്കാട്ടിന് ലഭിച്ചു. ദൃശ്യമാധ്യമ പുരസ്‌കാരം മനോരമ ന്യൂസിലെ അനൂബ് ശ്രീധരനാണ്.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019-ലെ ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് (രണ്ടു ലക്ഷം രൂപ) ബോക്‌സിങ് പരിശീലകന്‍ ചന്ദ്രലാല്‍ അര്‍ഹനായി. വോളിബോളിലെ വി. അനില്‍കുമാര്‍ മികച്ച കായിക പരിശീലകനായി (ഒരു ലക്ഷം രൂപ). ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ സുജ മേരി ജോര്‍ജ് കോളേജ് തലത്തില്‍ മികച്ച കായിക അധ്യാപികയായി.
കായിക നേട്ടം കൈവരിട്ട കോളേജായി കണ്ണൂര്‍ എസ്.എന്‍. തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസ്. മികച്ച സ്‌കൂളായി. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരങ്ങള്‍ക്കുള്ള പുരസ്‌കാരം പി.എസ്. അനിരുദ്ധനും പി.ഒ. സയനയും നേടി.
Content Highlights: Kunhu Muhammed and Mayookha Johny won GV Raja award