ലണ്ടന്‍: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കുമാര സംഗക്കാര വിഖ്യാതമായ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) പ്രസിഡന്റാകും. ഇതോടെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റെന്ന ബഹുമതിയും സ്വന്തമാകും. ക്ലബ്ബിന്റെ വാര്‍ഷികയോഗത്തില്‍ നിലവിലെ പ്രസിഡന്റ് ആന്റണി വ്രഡ്ഫോഡാണ് പ്രഖ്യാപനം നടത്തിയത്.

2019 ഒക്ടോബര്‍ ഒന്നിനാണ് സംഗക്കാര ചുമതലയേല്‍ക്കുന്നത്. ഒരുവര്‍ഷമാണ് കാലാവധി. 2012-ലാണ് സംഗക്കാരയ്ക്ക് ക്ലബ്ബില്‍ ആജീവനാന്ത ഓണററി അംഗത്വം ലഭിക്കുന്നത്. അതേവര്‍ഷംതന്നെ ക്ലബ്ബിന്റെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയിലും അംഗമായി. അതിനുശേഷം ക്ലബ്ബിന്റെ സജീവാംഗമാണ്.

തന്നെ തേടിയെത്തിയിരിക്കുന്നത് മഹത്തരമായ ഒരു നേട്ടമാണെന്ന് സംഗക്കാര പ്രതികരിച്ചു. ഐ.സി.സി ഇപ്പോള്‍ പിന്തുടരുന്ന നിയമങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ ക്രമപ്പെടുത്തിയത് എം.സി.സിയാണ്. 1787-ല്‍ ലോര്‍ഡ്‌സിലാണ് എം.സി.സി സ്ഥാപിതമായത്. 

Content Highlights: Kumar Sangakkara named president of MCC