നാഗ്പുര്‍: ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിലെ താരങ്ങളാണ് കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും അശ്വിനുമെല്ലാം. കുല്‍ദീപും ചാഹലും വന്നതോടെ അതുവരെ സ്ഥിരസാന്നിധ്യമായിരുന്ന അശ്വിനും ജഡേജയ്ക്കും സ്ഥാനം നഷ്ടപ്പെട്ടു. ധോനി ക്യാപ്റ്റനായിരുന്ന സമയത്ത് അശ്വിനും ജഡേജയ്ക്കും സുവര്‍ണ കാലമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി കോലിയിലേക്കെത്തിയതോടെ പതുക്കെ ചാഹലും കുല്‍ദീപും ഉയര്‍ന്നുവന്നു.

എന്നാല്‍ അശ്വിനും ജഡേജയ്ക്കും ടീമിലെ സ്ഥാനം നഷ്ടപ്പെട്ടതില്‍ ഉത്തരവാദികള്‍ താനും ചാഹലുമല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കുല്‍ദീപ്. ആരുടേയും സ്ഥാനം ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നും കുല്‍ദീപ് വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുല്‍ദീപ്. 

'ഇല്ല, അങ്ങനെ ഒരിക്കലും ചെയ്യില്ല. ഞങ്ങള്‍ ആരേയും പുറത്താക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ലഭിച്ച അവസരം ഉപയോഗിച്ചു എന്നു മാത്രം. ടെസ്റ്റില്‍ ഇപ്പോഴും അശ്വിനും ജഡേജയും കളിക്കുന്നുണ്ട്. അവര്‍ എല്ലാ കാലത്തും ഇന്ത്യക്കായി മികച്ച രീതിയില്‍ കളിച്ചവരാണ്.' കുല്‍ദീപ് പറയുന്നു.

Content Highlights: Kuldeep Yadav on Ravichandran Ashwin and Ravindra Jadeja