കാണ്‍പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ വഴിത്തിരിവ്. 

കുല്‍ദീപ് വാക്‌സിന്‍ സ്വീകരിച്ചത് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്ന് കാണ്‍പുര്‍ സിറ്റി മജിസ്‌ട്രേറ്റ് ഹിമാന്‍ഷു ഗുപ്ത വ്യക്തമാക്കി. 

വിഷയത്തില്‍ മജിസ്‌ട്രേറ്റ് ബുധനാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗോവിന്ദ് നഗറിലെ ജോഗേശ്വര്‍ ആശുപത്രിയില്‍ നിന്നാണ് കുല്‍ദീപ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കുല്‍ദീപ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കുത്തിവെയ്പ്പ് എടുക്കുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയിലോ മറ്റു വാക്സിന്‍ സെന്ററിലോ വെച്ചല്ല കുത്തിവെയ്പ്പ് എടുത്തതെന്ന ആരോപണവുമായി ആരാധകര്‍ രംഗത്തെത്തി. കുല്‍ദീപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു. ഇത് വാക്സിന്‍ സെന്ററാണെന്ന് കുല്‍ദീപ് ഇതിന് മറുപടിയും നല്‍കി.

സംഭവം വിവാദമായതോടെ കോവിഡ് വാക്‌സിനേഷന്‍ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കാണ്‍പുര്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlights: Kuldeep Yadav got Covid-19 vaccine at Jogeshwar Hospital Kanpur city magistrate