വഡോദര: ഇന്ത്യയില്‍ കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ആഭ്യന്തര മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ വിവാദം. 

ബറോഡ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നില്‍ വെച്ച് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ബറോഡ താരം ദീപക് ഹൂഡ ക്രിക്കറ്റ് അസോസിയേഷന് പരാതി നല്‍കി. 

ക്രുണാല്‍ മോശമായി പെരുമാറിയെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബറോഡ ക്രിക്കറ്റ് അസോസിയേഷന് ദീപക് ഹൂഡ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നിന്ന് ഹൂഡ പിന്മാറിയിരിക്കുകയാണ്. 

വഡോദരയിലെ റിലയന്‍സ് സ്റ്റേഡിയത്തില്‍ പരിശീലിക്കവെയാണ് സംഭവമെന്നാണ് ഹൂഡയുടെ പരാതിയില്‍ പറയുന്നത്. ബറോഡ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കഴിഞ്ഞ 11 വര്‍ഷമായി കളിക്കുന്നുണ്ട്. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കടുത്ത നിരാശയിലും സമ്മര്‍ദത്തിലുമാണ് താനുള്ളതെന്ന് ഹൂഡ കത്തില്‍ പറയുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടീം ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ സഹതാരങ്ങളുടേയും എതിര്‍ ടീം അംഗങ്ങളുടെയും മുന്നില്‍വെച്ച് അസഭ്യം പറയുകയാണെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഹൂഡ കത്തില്‍ പറയുന്നു.

Content Highlights: Krunal Pandya used abusive language Deepak Hooda writes scathing letter