മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. ഇതേത്തുടര്‍ന്ന് ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി.

സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ക്രുനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള മത്സരങ്ങളില്‍ ക്രുനാലിന് കളിക്കാനാവില്ല. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ഇതുവരെ മൂന്നുമത്സരങ്ങളില്‍ ബറോഡയെ ക്രുനാല്‍ നയിച്ചു. നാലുവിക്കറ്റുകളും നേടി. ആദ്യ മത്സരത്തില്‍ 76 റണ്‍സും താരം നേടിയിരുന്നു. മൂന്നു മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാനും നായകന് സാധിച്ചു.

മറുവശത്ത് ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണ്. പരിശീലനം മതിയാക്കി ഹാര്‍ദിക്കും നീട്ടിലേക്ക് മടങ്ങി.

Content Highlights: Krunal, Hardik Pandya's father passes away, Baroda skipper leaves Syed Mushtaq bubble