മെല്‍ബണ്‍: ഐ.പി.എല്ലിലെ കേരള ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കു വേണ്ടി കളിച്ചതിന്റെ ബാക്കി പ്രതിഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോജ് രംഗത്ത്. 

10 വര്‍ഷം മുമ്പ് കൊച്ചി ടസ്‌കേഴ്‌സിനായി കളിച്ച പ്രതിഫലത്തിന്റെ 35 ശതമാനം ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ഹോജ് വെളിപ്പെടുത്തിയത്.

''10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.പി.എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിനായി കളിച്ച പ്രതിഫലത്തിന്റെ ബാക്കി 35 ശതമാനം കളിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ബി.സി.സി.ഐക്ക് ആ പണം എവിടെയെന്ന് കണ്ടെത്താന്‍ സാധിക്കുമോ?'' - ഹോജ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കളിച്ച ഇന്ത്യന്‍ വനിതാ ടീമിന് ബി.സി.സി.ഐ ഇതുവരെ സമ്മാനത്തുക നല്‍കിയിട്ടില്ലെന്ന ദ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തതിന് താഴെയായിരുന്നു ഹോജിന്റെ കമന്റ്.

Kochi Tuskers Kerala Players Are Still Owed 35 percent Money says Brad Hodge

2011-ലാണ് കൊച്ചി ടസ്‌കേഴ്‌സ് ഐ.പി.എല്ലിന്റെ ഭാഗമായിരുന്നത്. ആ സീസണു ശേഷം ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ബി.സി.സി.ഐക്ക് അടയ്‌ക്കേണ്ട വാര്‍ഷിക തുക ഫ്രാഞ്ചൈസിക്ക് അടയ്ക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് ബി.സി.സി.ഐ കൊച്ചി ടസ്‌കേഴ്‌സിന്റെ കരാര്‍ റദ്ദാക്കി. ഇതിനെതിരേ കോടതിയില്‍ പോയ കൊച്ചി ടസ്‌കേഴ്‌സ് അനുകൂല വിധി സമ്പാധിച്ചിരുന്നു. 550 കോടി നഷ്ടപരിഹാരമായി ഫ്രാഞ്ചൈസിക്ക് നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. 

2011-ല്‍ ടസ്‌കേഴ്‌സിനായി 14 മത്സരങ്ങള്‍ കളിച്ച ഹോജ് 285 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഹോജിനെ കൂടാതെ മഹേള ജയവര്‍ധനെ, ബ്രെണ്ടന്‍ മക്കല്ലം, രവീന്ദ്ര ജഡഡേജ തുടങ്ങിയവരും കൊച്ചി ടസ്‌കേഴ്‌സിന്റെ ഭാഗമായിരുന്നു.

Content Highlights: Kochi Tuskers Kerala Players Are Still Owed 35 percent Money says Brad Hodge