ലോസ് ആഞ്ജലിസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെയും മകള്‍ ജിയാനയുടെയും ശവസംസ്‌കാരം കഴിഞ്ഞ വെള്ളിയാഴ്ച നടന്നെന്ന് റിപ്പോര്‍ട്ട്. തികച്ചും സ്വകാര്യമായാണ് ശവസംസ്‌കാര ചടങ്ങ് നടന്നത്. കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ പസിഫിക് വ്യൂ മെമ്മോറിയല്‍ പാര്‍ക്കിലാണ് അച്ഛനും മകളും അന്ത്യവിശ്രമം കൊള്ളുന്നത്. കോബിയുടെ കുടുംബവീടിന് അടുത്താണിത്.

കോബിക്കും ജിയാനയ്ക്കും 24-ന് ലോസ് ആഞ്ജലിസിലെ സ്റ്റേപ്പിള്‍സ് സെന്ററില്‍ സ്മരണാഞ്ജലി ഒരുക്കിയിട്ടുണ്ട്. ഇരുപതിനായിരം പേര്‍ പങ്കെടുക്കും. നാഷണല്‍ ഹോക്കി ലീഗിലെ ലോസ് ആഞ്ജലിസ് കിങ്സിന്റെ ആസ്ഥാനമാണിത്. ഗ്രാമി അവാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള വന്‍ ചടങ്ങുകള്‍ നടക്കുന്ന സ്ഥലമാണ്. 

ജനുവരി 26-നാണ് ലോസ് ആഞ്ജലിസില്‍ കോപ്റ്റര്‍ തകര്‍ന്ന് കോബിയും ജിയാനയും ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചത്. ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന കോപ്റ്റര്‍ കലബാസസിലെ ചെങ്കുത്തായ മലനിരകളില്‍ തകര്‍ന്നുവീഴുകയായിരുന്നു.

Content Highlights: Kobe Bryant laid to rest during private funeral