ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐ.പി.എല്ലില്‍ തിളങ്ങിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി.
ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേദേക്കറാണ് വധു. ശനിയാഴ്ച ചെന്നൈയിലായിരുന്നു വിവാഹം.
നേരത്തെ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 ടീമിലേക്ക് വരുണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് അവസരം നഷ്ടമാകുകയായിരുന്നു.
ഈ വര്‍ഷം ആദ്യം വരുണിന്റെ വിവാഹം തീരുമാനിച്ചതായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു.
ഐ.പി.എല്ലില്‍ കെ.കെ.ആറിനായി 13 കളിയില്‍ നിന്ന് 17 വിക്കറ്റുകള്‍ വരുണ്‍ വീഴ്ത്തിയിരുന്നു. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ വിനോദ് ചക്രവര്‍ത്തിയുടെയും ഹേമമാലിനിയുടെയും മകനാണ് വരുണ്‍. കേരളത്തില്‍ വേരുകളുള്ള കുടുംബമാണ് വരുണിന്റേത്. അച്ഛന് വിനോദ് ചക്രവര്‍ത്തിയുടെ അമ്മ മലയാളിയാണ്. സ്വദേശം മാവേലിക്കര.
Content Highlights: KKR spinner Varun Chakaravarthy married to his long-time partner Neha Khedekar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..