മുംബൈ: ഐ.പി.എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് കുരുക്കില്‍. ടീമിന്റെ സഹഉടമയും ബിസിനസുകാരനുമായ നെസ് വാഡിയക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം തടവു ശിക്ഷ. അനധികൃതമായി കഞ്ചാവ് കടത്തിയതിനെ തുടര്‍ന്നാണിത്. ഇതോടെ ബി.സി.സി.ഐ പഞ്ചാബ് ടീമിനെ ഒരു വര്‍ഷത്തേക്ക് വിലക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ മാര്‍ച്ചിലാണ് 25 ഗ്രാം കഞ്ചാവുമായി ജപ്പാനിലെ ഹോക്കെയ്‌ഡോ ദ്വീപിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വെച്ച് നെസ് വാഡിയ അറസ്റ്റിലായത്. തന്റെ സ്വകാര്യ ആവശ്യത്തിനുള്ളതായിരുന്നു കഞ്ചാവെന്ന് വാഡിയ വാദിച്ചെങ്കിലും അനധികൃതമായി കൈവശം വെച്ചതിന് അറസ്റ്റിലാകുകയായിരുന്നു. 

നേരത്തേയും നെസ് വാഡിയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുടെ മുന്‍ കാമുകന്‍ കൂടിയാണ് നെസ് വാഡിയ. പിന്നീട് ഇരുവരും വഴി പിരിയുകയായിരുന്നു. തുടര്‍ന്ന് തന്നെ വാഡിയ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രീതി സിന്റെ കേസ് കൊടുത്തിരുന്നു. പിന്നീട് ഈ പരാതി പിന്‍വലിക്കുകയും ചെയ്തു. 

 Content Highlights: Kings XI Punjab might face suspension after co owner Ness Wadia’s arrest IPL 2019