ന്യൂഡല്‍ഹി: 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക് ഹോക്കിയില്‍ ഇത്തവണ ഒരു മെഡല്‍ സ്വന്തമാക്കിയത്. പുരുഷ ടീമിന്റെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായത് മലയാളി താരം പി.ആര്‍ ശ്രീജേഷായിരുന്നു. 

ഇന്ത്യയുടെ മെഡല്‍ നേട്ടത്തിനു ശേഷം രാജ്യത്ത് ഹോക്കിക്കുള്ള സ്വാധീനം വര്‍ധിച്ചുവരികയാണ്. കേരളത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തന്റെ സ്വന്തം നാട്ടിലെ കുട്ടികള്‍ ഹോക്കിയിലേക്ക് വരുന്നതില്‍ അഭിമാനംകൊള്ളുകയാണ് ശ്രീജേഷ്. ശനിയാഴ്ച ഇന്ത്യ ടുഡെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''എന്റെ സംസ്ഥാനമായ കേരളത്തിലെ ആളുകള്‍ ഇപ്പോള്‍ ഹോക്കി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഏറെ സന്തോഷം തരുന്ന കാര്യമാണത്. കാരണം ഇതുവരെ കേരളം അറിയപ്പെട്ടിരുന്നത് അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും മാത്രമായിരുന്നു. ഹോക്കി ഒരിക്കലും കേരളത്തില്‍ ഒരു ജനപ്രിയ കായിക വിനോദമായിരുന്നില്ല.'' - ശ്രീജേഷ് പറഞ്ഞു. 

''അടുത്തിടെ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് ഞങ്ങളുടെ ഗ്രാമത്തില്‍ കുട്ടികള്‍ പി.വി.സി പൈപ്പ് ഉപയോഗിച്ച് ഹോക്കി കളിക്കുന്നുവെന്ന് പറഞ്ഞു. ഇതാണ് ഞാന്‍ കാണാന്‍ ആഗ്രഹിച്ച മാറ്റം. ഇത്തരത്തില്‍ അടുത്ത തലമുറയെ പ്രചോദിപ്പിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' - ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlights: kids have started playing hockey with PVC pipes in Kerala says PR Sreejesh