മെക്‌സിക്കോ സിറ്റി: അക്രമികള്‍ തട്ടിക്കൊണ്ടുപോയ മെക്‌സിക്കന്‍ ഫുട്‌ബോള്‍ താരം അലന്‍ പുലിദോയെ രക്ഷപ്പെടുത്തി. തന്നെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന സംഘത്തിലുള്ള ഒരാളെ കീഴ്‌പ്പെടുത്തിയ അലന്‍ അയാളുടെ ഫോണുപയോഗിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് അലനെ അക്രമികളില്‍ നിന്നും മോചിപ്പിച്ചു.

 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് മൂന്നുപേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒരു പ്രാദേശിക അക്രമിസംഘത്തിലെ അംഗമാണ് താനെന്ന് അറസ്റ്റിലായയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

തമോലിപാസ് സംസ്ഥാനത്തെ സിയുദാദ് വിക്ടോറിയാ നഗരത്തില്‍ വെച്ച് കഴിഞ്ഞ ശനിയാഴചയാണ് നാലംഗ സംഘം തോക്കുചൂണ്ടി അലനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് താരത്തെ ഇവര്‍ സിയുദാദ് വിക്ടോറിയയിലെ ഒരു വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു.

പോലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അലന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസിനു വേണ്ടിയാണിപ്പോള്‍ അലന്‍ ബൂട്ടണിയുന്നത്.