Image Courtesy: Twitter
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍, മണിക ബത്ര, പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന് തങ്കവേലു എന്നിവര്‍ക്കാണ് പുരസ്കാരത്തിന് ശുപാര്‍ശ ലഭിച്ചിരിക്കുന്നത്.
രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജുന തുടങ്ങിയ മറ്റ് ദേശീയ കായിക പുരസ്കാരങ്ങള്‍ തീരുമാനിക്കുന്നതിനായി ദേശീയ കായിക പുരസ്കാര തിരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, സര്‍ദാര്‍ സിങ് എന്നിവരടങ്ങുന്ന സമിതി ന്യൂഡല്‍ഹിയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
2016-ന് ശേഷം ആദ്യമായാണ് നാല് അത്ലറ്റുകളുടെ പേരുകള്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യുന്നത്. റിയോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ പി.വി സിന്ധു, ദീപ കര്‍മാകര്‍, സാക്ഷി മാലിക് എന്നിവര്‍ക്കൊപ്പം ഷൂട്ടര്‍ ജിത്തു റായിക്കും 2016-ല്‍ ഒരുമിച്ച് പുരസ്കാരം നല്‍കിയിരുന്നു.
പുരസ്കാരം സ്വന്തമാക്കാനായാല്‍ ഖേല്‍ രത്ന ബഹുമതി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരിക്കും രോഹിത് ശര്‍മ. സച്ചിന് തെണ്ടുല്‍ക്കര്‍ (1998), എം.എസ് ധോനി (2007), വിരാട് കോലി (2018) എന്നിവരെ ഖേല്‍ രത്ന പുരസ്കാരം നല്കി രാജ്യം ആദരിച്ചിരുന്നു.
2018-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയാണ് വിനേഷ് ഫോഗട്ട് ശ്രദ്ധ നേടുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ നേടുന്ന ആദ്യ വനിത ഗുസ്തി താരമെന്ന നേട്ടവും വിനേഷ് സ്വന്തമാക്കിയിരുന്നു. 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ ജേതാവാണ് മനിക ബത്ര. അതേ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസിലെ വനിതാ സിംഗിള്‍സില്‍ വെങ്കലവും സ്വന്തമാക്കി. റിയോ പാരാലിമ്പിക്സിലെ ഹൈ ജമ്പ് ഇനത്തിലാണ് മാരിയപ്പന് തങ്കവേലു സ്വര്‍ണം നേടിയത്.
Content Highlights: Khel Ratna Award Rohit Sharma, Vinesh Phogat, Manika Batra, Mariyappan Thangavelu recommended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..