കൊച്ചി: കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഫുട്ബോളിന്റെ കൈപിടിച്ച് ക്രിക്കറ്റ് തിരിച്ചെത്തുമോ? കൊച്ചി സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റിനെ തിരികെയെത്തിക്കാനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ (കെ.എഫ്.എ.) നിലപാട്. 

ഇവിടെ ഫുട്ബോളും ക്രിക്കറ്റും കളിക്കാമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ പറയുന്നു. സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എ. വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയില്‍ ഈ നിലപാട് കെ.എഫ്.എ. ഔദ്യോഗികമായി അറിയിച്ചേക്കും.

ക്രിക്കറ്റിനും ഫുട്ബോളിനും അവസരം നല്‍കുമ്പോള്‍ ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ തടസ്സമായി ഉന്നയിക്കപ്പെടുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ ക്രമീകരിച്ച് ഈ പ്രശ്നം പരിഹരിക്കാമെന്ന് കെ.എഫ്.എ. കരുതുന്നു. ഐ.എസ്.എലിന്റെ ആദ്യ സീസണില്‍ ഇന്ത്യ-വിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിക്ക് അനുവദിച്ചപ്പോള്‍ ഈ രീതിയില്‍ പ്രശ്നം പരിഹരിച്ചിരുന്നു. അസോസിയേഷനുകളുമായി സംസാരിക്കാതെ, ബ്ലാസ്റ്റേഴ്സ് അധികൃതരുമായി ചര്‍ച്ചചെയ്താണ് ജി.സി.ഡി.എ. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. ഒരു ക്ലബ്ബ് മാത്രമായ ബ്ലാസ്റ്റേഴ്സിന് അസോസിയേഷനുകളെക്കാള്‍ പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്നും കെ.എഫ്.എ.യ്ക്ക് അഭിപ്രായമുണ്ട്.

കൊച്ചിയിലെ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന്റെ പ്രത്യേകതയും ഈ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടും. ക്രിക്കറ്റ് മത്സരം കഴിഞ്ഞാല്‍ 25 ദിവസംകൊണ്ട് മൈതാനം ഫുട്ബോളിനായി ഒരുക്കാനാകും. ഫിഫ അണ്ടര്‍-17 ലോകകപ്പ് നടന്ന സമയത്ത് ഇത് മുന്‍കൂട്ടിക്കണ്ട് അതിന് പാകമായ പുല്ലാണ് മൈതാനത്ത് വെച്ചുപിടിപ്പിച്ചതെന്ന് കെ.എഫ്.എ. ചൂണ്ടിക്കാട്ടുന്നു.

ക്രിക്കറ്റ് കളിക്കട്ടെ

''വര്‍ഷത്തില്‍ പത്തിരുന്നൂറ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന മൈതാനമൊന്നുമല്ലല്ലോ കൊച്ചിയിലേത്. ഐ.എസ്.എലിലെ പത്തില്‍ താഴെ മത്സരങ്ങള്‍ക്കായി ക്രിക്കറ്റിനെ സ്റ്റേഡിയത്തില്‍നിന്ന് ഒഴിവാക്കുന്നത് ശരിയല്ല. അവര്‍ സ്റ്റേഡിയത്തില്‍ മുടക്കിയ തുകയുടെ കാര്യവും ഓര്‍ക്കണം. ഫുട്ബോളും ക്രിക്കറ്റും ഇവിടെ വരണമെന്നാണ് കായികപ്രേമികളെല്ലാം ആഗ്രഹിക്കുന്നത്. അതു മനസ്സിലാക്കി ജി.സി.ഡി.എ. തീരുമാനമെടുക്കുമെന്ന് കരുതുന്നു'' - കെ.എം.ഐ. മേത്തര്‍ (കെ.എഫ്.എ. ഹോണററി പ്രസിഡന്റ്).

Content Highlights: KFA supports Kerala Cricket Association's move to allow cricket along with football in Kaloor stadium