തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ നായകനായ 'അലോ വൈകുണ്ഡപുരമുലോ' എന്ന സിനിമയിലെ 'ബുട്ടബൊമ്മ' എന്ന ഗാനമാണ് ടിക് ടോകില്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റ്. നിരവധിപേരാണ് ബുട്ടബൊമ്മയ്ക്ക് ചുവടുവെച്ച് വീഡിയോ പങ്കുവെയ്ക്കുന്നത്. ഇതില്‍ ക്രിക്കറ്റ് താരങ്ങളും ഒട്ടും പിന്നില്ലല്ല.

മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റര്‍സണ്‍ ഇപ്പോള്‍ ടിക് ടോകിലും ഹിറ്റാണ്. ബുട്ടബൊമ്മയാണ് കെവിന്‍ അവസാനമായി കൈവെച്ചിരിക്കുന്ന ഗാനം. 'എനിക്ക് എന്തെങ്കിലും പുരോഗതിയുണ്ടോ' എന്നാണ് വീഡിയോക്ക് കെവിന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ ഈ ഗാനം സമൂഹ മാധ്യമങ്ങളിലാകെ ശ്രദ്ധനേടിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറാണ് ഇതില്‍ ആദ്യം കുടുംബത്തിനൊപ്പമുള്ള ടിക് ടോക് പങ്കുവെച്ചത്. ഈ ഗാനം കൂടാതെ മറ്റു പല ഹിന്ദി-തമിഴ് ഫാസ്റ്റ് നമ്പറുകള്‍ക്കും നൃത്തം ചെയ്യുന്ന വീഡിയോ കെവിന്‍ ടിക് ടോകില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രഭുദേവയുടെ ചല്‍ മാര്‍, ജെന്റില്‍മാന്‍ എന്ന സിനിമയിലെ ഒട്ടകത്തെ കട്ടിക്കോ തുടങ്ങിയ ഗാനങ്ങളില്‍ ചെയ്ത ടിക് ടോകിനെല്ലാം വന്‍ പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. നിരവധിപേര്‍ ഇതിനോടകം വീഡിയോകളെല്ലാം കണ്ടുകഴിഞ്ഞു.

Content Highlights: Kevin Pietersen shares tik tok videos on tamil hit numbers