കോഴിക്കോട് സ്‌പോർട്‌സ് കൗൺസിൽ (ഫയൽ ചിത്രം) | Photo: Mathrubhumi
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കുശേഷം സംസ്ഥാന കായികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള കൃത്യമായ മാസ്റ്റര്‍പ്ലാനില്ലാതെ സ്‌പോര്‍ട്സ് കൗണ്‍സില്‍. പഞ്ചായത്തുകളില്‍ സ്‌പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപവത്കരിച്ച് ഗ്രാസ് റൂട്ട് തലത്തില്‍ പ്രതിഭകളെ കണ്ടെത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍, ഇത് നടപ്പാക്കേണ്ട സ്‌പോര്‍ട്സ് കൗണ്‍സിലിന് കൃത്യമായ പദ്ധതികളോ രൂപരേഖയോ ഇല്ലാത്തത് വിവാദമായിരിക്കുകയാണ്.
കായികമേഖലയുടെ വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സ്‌പോര്‍ട്സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൗണ്‍സില്‍ മറുപടിനല്‍കിയിട്ടില്ലെന്ന് മന്ത്രിതന്നെ കഴിഞ്ഞദിവസംനടന്ന സ്‌പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തുറന്നടിച്ചു. കൗണ്‍സില്‍ ഭരണസമിതിയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നനിലയില്‍ യോഗത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വീഴ്ചകള്‍ യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൃത്യമായ മറുപടിനല്‍കാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. കൗണ്‍സിലിനു കീഴിലുള്ള അസോസിയേഷനുകള്‍ക്ക് കഴിഞ്ഞ കാലങ്ങളിലായി നല്‍കിയ തുകയുടെ കണക്കുപോലും കൃത്യമായി യോഗത്തില്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്.
പ്രാദേശികമായി കളിസ്ഥലങ്ങള്‍ നിര്‍മിക്കുകയും ഓരോ പ്രദേശത്തിനും അനുയോജ്യമായ കായികമേഖലകളിലെ പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഇതിന് വിരുദ്ധമായി സംസ്ഥാനത്ത് സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമികളുടെയും എയ്ഡഡ് കോളേജ് ഹോസ്റ്റലുകളുടെയും എണ്ണം കുറയ്ക്കാനാണ് കൗണ്‍സിലിന്റെ നീക്കം. കായികതാരങ്ങളുടെ നിലവാരം കൂട്ടാനാണ് അക്കാദമികളുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് വിശദീകരണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തികസഹായം നല്‍കാതെയാണ് ഇപ്പോള്‍ അവയില്‍ പലതും അടച്ചുപൂട്ടാന്‍ നീക്കം.
കഴിഞ്ഞകാലങ്ങളില്‍ ദേശീയചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിച്ചവര്‍ക്കുള്ള സാമ്പത്തികസഹായം വിതരണം ചെയ്യാത്തതിനെച്ചൊല്ലിയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മറ്റു സംസ്ഥാനങ്ങള്‍ കഴിഞ്ഞവര്‍ഷംവരെയുള്ള സാമ്പത്തികസഹായം വിതരണം ചെയ്തപ്പോള്‍, കേരളത്തില്‍ 2017 മുതലുള്ള തുക പല കായികതാരങ്ങള്‍ക്കും കിട്ടാനുണ്ട്. ഓഫ് സീസണ്‍ സമയത്ത് കോളേജ് ഗെയിംസ് നടത്തിയതിനെക്കുറിച്ചും വിമര്‍ശനമുണ്ടായി. സായിയില്‍നിന്ന് കായികതാരങ്ങളൊന്നും കോളേജ് ഗെയിംസില്‍ പങ്കെടുത്തിരുന്നില്ല.
ദേശീയ ക്യാമ്പുകള്‍ നടത്തിയതിനും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചതിനും ലക്ഷങ്ങളാണ് പല അസോസിയേഷനുകള്‍ക്കുമായി സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കാനുള്ളത്. സര്‍ക്കാരില്‍നിന്ന് കൃത്യമായി ഫണ്ട് വാങ്ങിയെടുക്കാന്‍ കൗണ്‍സിലിന് കഴിയാത്തതാണ് ഇതിന് കാരണമെന്നാണ് യോഗത്തിലുയര്‍ന്ന വിമര്‍ശനം.
Content Highlights: kerala sports council, kerala sports, sports ministry, sports news, kerala sports news, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..