കൊച്ചി: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീം പരിശീലനത്തിനു സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു. പരിശീലന സൗകര്യമുള്ള തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ ആസ്ട്രോ ടര്‍ഫിനു പ്രതിദിനം 5000 രൂപ വാടക ചോദിച്ചതാണ് ടീമിനെ പെരുവഴിയിലാക്കിയത്.

ഈ തുക കൊടുത്തു മൂന്നാഴ്ചത്തെ ക്യാമ്പ് സംഘടിപ്പിക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്നു കേരള ഹോക്കി അസോസിയേഷന്‍ പറയുന്നു. ആസ്ട്രോ ടര്‍ഫ് കിട്ടാതായതോടെ അടുത്തദിവസം മുതല്‍ തിരുവല്ല മാര്‍ത്തോമാ കോളേജിലെ പുല്‍മൈതാനത്ത് പരിശീലനം നടത്താനൊരുങ്ങുകയാണ് ടീം. ഉത്തര്‍പ്രദേശില്‍ ഈ മാസം 21 മുതല്‍ 30 വരെയാണ് ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പ്.

കേരളത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തുമാണ് ആസ്ട്രോ ടര്‍ഫ് ഹോക്കി ഗ്രൗണ്ടുള്ളത്. കൊല്ലത്തെ ടര്‍ഫ് ഇപ്പോള്‍ കോവിഡ് പ്രതിരോധ സെന്ററാണ്. തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിലെ ടര്‍ഫിനായി സമീപിച്ചപ്പോഴാണ് സ്‌പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ഭീമമായ വാടക നിശ്ചയിച്ച് കത്തു നല്‍കിയതെന്നു കേരള ഹോക്കി ജനറല്‍ സെക്രട്ടറി ആര്‍. അയ്യപ്പന്‍ പറഞ്ഞു. 

'ജി.വി. രാജയിലെ ഗ്രൗണ്ട് നേരത്തെ പൊതുജനങ്ങള്‍ക്കു വരെ നല്‍കിയിരുന്നു. ഇപ്പോള്‍ ആസ്ട്രോ ടര്‍ഫ് വന്ന ശേഷം സംസ്ഥാന ഹോക്കി ടീമിനുപോലും നല്‍കില്ലെന്നു പറയുന്നു. ശ്രീജേഷിനെ പ്പോലുള്ള ഒളിമ്പ്യനെ സൃഷ്ടിച്ച ജി.വി. രാജയിലെ ഗ്രൗണ്ട് സംസ്ഥാന ഹോക്കി ടീമിനു പോലും ലഭിക്കില്ലെങ്കില്‍ പിന്നെ ആരാണ് അവിടെ കളിക്കേണ്ടത്. ഏഴെട്ടു വര്‍ഷമാണ് ഒരു ആസ്ട്രോ ടര്‍ഫിന്റെ കാലാവധി. അതിനകം പരമാവധി അതു ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്.'' അയ്യപ്പന്‍ പറയുന്നു.

കഴിഞ്ഞതവണ കൊല്ലത്തെ ഗ്രൗണ്ടില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടന്നതിനാല്‍ വനിതാ ടീം ബെംഗളൂരുവിലാണ് പരിശീലനം നടത്തിയത്. അന്ന് സായി അവിടത്തെ ഗ്രൗണ്ട് വാടകയില്ലാതെ വിട്ടുനല്‍കിയതിനൊപ്പം കോച്ചുമാരെയും സൗജന്യമായി നല്‍കിയിരുന്നു.

Content Highlights: Kerala senior hockey team struggle for a ground for training