-
തൃശ്ശൂര്‍: ഫുട്ബോളില്‍ കേരള പോലീസ് കൊടുങ്കാറ്റായി ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ചൊരു കാലമുണ്ടായിരുന്നു. ആ കാറ്റിനെതിരേ വന്നവരെല്ലാം കടപുഴകി വീണു.
സത്യന്, വിജയന്, പാപ്പച്ചനും ഷറഫലിയും... അങ്ങനെ തെക്കന്‍കാറ്റ് താരപദവിയിലേക്കെത്തിച്ച ഒരുപിടി 'പോലീസുകാര്‍ക്ക്' ഇന്ത്യയിലെ മൈതാനങ്ങള്‍ സല്യൂട്ട് അടിച്ച കാലം. അക്കൂട്ടത്തില്‍ തൃശ്ശൂരിലെ പറപ്പൂരില്നിന്ന് പറന്നുയര്‍ന്ന കാല്‍പ്പന്തായിരുന്നു ചുങ്കത്ത് വര്‍ക്കിയുടെ മകന് പാപ്പച്ചന്. പറപ്പൂരുകാരുടെയും കൂട്ടുകാരുടെയും പാപ്പി. ഒന്നരപ്പതിറ്റാണ്ടോളം കേരള പോലീസിന്റെ ബൂട്ടണിഞ്ഞ പാപ്പച്ചന് കാല്‍വെക്കാത്ത മൈതാനങ്ങള്‍ ഇന്ത്യയില്‍ കുറവായിരുന്നു.
മഹാരാജാസ് കോളേജിന്റെ പുല്‍മൈതാനത്ത് 1993-ല്‍ സി.വി. പാപ്പച്ചന് തൊടുത്ത കിക്കില്‍ നിന്നാണ് കേരളം 'സന്തോഷി'ച്ചത്. ഫൈനലില്‍ മഹാരാഷ്ട്രയ്ക്കെതിരേ നേടിയ ആ ഏകാംഗ ഗോള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്നുമൊരു മഹാത്ഭുതമാണ്... ആ ഡ്രിബ്ലിങ് ഗോള്‍... അത് തൊടുത്ത കോണില്‍ നിന്നും അതുവരെ കേരളം അങ്ങനെയൊരു ഗോള്‍ കണ്ടിട്ടില്ല. ചുറ്റിനുമുള്ള ചൂളമര ഗാലറികള്‍ അതുകണ്ട് ഇരമ്പിയാര്‍ത്തു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനില്‍നിന്ന് പോലീസിന്റെ യൂണിഫോമിലേക്ക് കയറിയ പാപ്പച്ചന് അതഴിച്ചുവെക്കാന്‍ ഇനി ഒരുവര്‍ഷമേ ബാക്കിയുള്ളു. തൃശ്ശൂരില്‍ കേരള പോലീസ് അക്കാദമിയോട് ചേര്‍ന്ന ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ (ഐ.ആര്.ബി.) ഡെപ്യൂട്ടി കമാന്‍ഡന്റ് ആണ്. പോലീസ് യൂണിഫോമിലും പാപ്പച്ചന് താരമായി. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു. കൊറോണക്കാലത്ത് പാപ്പച്ചനെന്ന റിസര്‍വ് പോലീസ് ഉപമേധാവിയെ പ്രതിരോധത്തിലും മുന്നേറ്റനിരയിലും ഒരുപോലെ കാണാം. 'ക്രമസമാധാനത്തിന്റെ ജോലിയൊന്നുമില്ല... ഭരണപരമായ കാര്യങ്ങളിലും മേല്നോട്ടത്തിലുമാണിപ്പോള് ശ്രദ്ധ...' എഴുന്നൂറിനടുത്ത് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ് പാപ്പച്ചന്.
'തിരഞ്ഞെടുപ്പുകള്‍, മാവോവാദി വേട്ട... തുടങ്ങി പോലീസിന് എപ്പോള്‍ ആള് അധികം വേണോ അപ്പോള്‍ ഞങ്ങളെ വിളിക്കും. കൊറോണക്കാലത്ത് ഇതുവരെ വിളിയൊന്നും കാര്യമായി വന്നിട്ടില്ല. വാളയാര്‍ ചെക്പോസ്റ്റിലേക്ക് നമ്മുടെ കുട്ടികള്‍ പോയിട്ടുണ്ട്. അവരുടെ കാര്യങ്ങള്‍ എന്നും നോക്കണം... കുറച്ചുപേര്‍ ജയിലുകളില്‍ ഡ്യൂട്ടിയിലുണ്ട്...'മലപ്പുറം പാണ്ടിക്കാട്ട് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ യൂണിറ്റുണ്ട്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ അവിടെ പരിശോധന നടത്തണം...'' രണ്ടുകാലുകളുടെയും മുട്ടിന് പരിക്കേറ്റതോടെ പാപ്പച്ചന് നാല് ശസ്ത്രക്രിയ വേണ്ടിവന്നു. അതോടെ ഫുട്ബോള്‍ കളി നിര്‍ത്തി. അപ്പോഴും തൃശ്ശൂര്‍ എന്‍ജിനിയറിങ് കോളേജ് മൈതാനത്ത് കളിക്കുമായിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തി. ''അടുത്തിടെ തൃശ്ശൂരില്‍ സന്തോഷ് ട്രോഫി കളിച്ചിരുന്ന വെറ്ററന്‍സിന്റെ മത്സരത്തില്‍ കളിച്ചു. പണ്ട് ഒപ്പംകളിച്ച ഒരുപാട് പേരെ കണ്ടു. പഴയ കളിക്കാരുമായി ഫോണിലൊക്കെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്.'' -പാപ്പച്ചന് പറഞ്ഞു.
Content Highlights: Kerala Police’s ex-football star C.V Pappachan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..