Photo: Print
തിരുവനന്തപുരം: ജനപ്രിയ കായികയിനങ്ങളായ ക്രിക്കറ്റ്, ഫുട്ബോള്‍, കബഡി, വോളിബോള്‍, ഹോക്കി തുടങ്ങിയവയ്ക്കായി സംസ്ഥാനതലത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ചാമ്പ്യഷിപ്പ് തുടങ്ങുമെന്ന് പുതിയ കായികനയം. കേരള താരങ്ങളെ ഒളിമ്പിക്സ് മെഡല്‍ നേടാന്‍ പ്രാപ്തരാക്കുന്നതിന് കേരള ഒളിമ്പ്യന്‍ സപ്പോര്‍ട്ട് സ്കീം പദ്ധതി നടപ്പാക്കും.
സംസ്ഥാനത്തെ കായികമേഖലയുടെ പരിഷ്കാരത്തിനും കായികസംഘാടനത്തില് നയരൂപവത്കരണത്തിനും ശുപാര്‍ശചെയ്യുന്നതാണ് സര്‍ക്കാരിന്റെ 2022-ലെ കായികനയം. കായികമേഖലയില്‍ ഫണ്ട് സ്വരൂപിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരള കായിക വികസനനിധി രൂപവത്കരിക്കും.ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്കൂബാ ഡൈവിങ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ കേരള അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഗെയിംസും നടത്തും. വള്ളംകളി, സെവന്‍സ്, വടംവലി, കളരിപ്പയറ്റ് എന്നീ തദ്ദേശീയമായ ഇനങ്ങളെ പ്രോത്സാഹിപ്പിച്ച് ടൂറിസം സാധ്യത വര്‍ധിപ്പിക്കുന്നതരത്തില്‍ പദ്ധതിതയ്യാറാക്കും.
ലോകോത്തര അക്കാദമികളെയും കായികതാരങ്ങളെയും സംസ്ഥാനത്തേക്ക് എത്തിക്കാന്‍ സ്പോര്‍ട്സ് കേരള എലൈറ്റ് അക്കാദമി ആവിഷ്കരിക്കും. ഗോള്‍ഫ്, ബില്യാര്‍ഡ്സ്, സ്നൂക്കര്‍, സ്ക്വാഷ് എന്നിവയുടെ പ്രചാരണത്തിന് നടപടിയെടുക്കും.
സംസ്ഥാനത്ത് കായികമേഖലയെ ഉയര്‍ന്ന മെഡല്‍ സാധ്യതയുള്ള ഇനങ്ങള്‍, ജനപ്രിയ കായികയിനങ്ങള്‍, ഒളിമ്പിക് സ്പോര്‍ട്സ് എന്നിങ്ങനെ മൂന്നായി തിരിക്കും. ഫുട്ബോള്‍, അത്ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍ എന്നിവയാണ് ഉയര്‍ന്ന മെഡല്‍സാധ്യതയുള്ള ഇനങ്ങള്‍. ക്രിക്കറ്റ്, ഫുട്ബോള്‍, അത്ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍, സൈക്ലിങ് എന്നിവയെയാണ് ജനപ്രിയ കായികയിനങ്ങളായി കണക്കാക്കുന്നത്.
അവാര്‍ഡുകള്‍
കായികരംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്ക് പുരുഷ, വനിതാ താരങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് നല്‍കും. പരിശീലകര്‍, റഫറി, അമ്പയര്‍, കായിക അധ്യാപകര്‍, ഒഫീഷ്യലുകള്‍, അസോസിയേഷനുകള്‍, കായിക സംരംഭം, കായിക സ്റ്റാര്‍ട്ട് അപ്പ്, കായിക സംഘാടകന്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കും.
കായിക കലണ്ടര്‍
അസോസിയേഷനുകള്‍, സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ്, രാജീവ് ഗാന്ധി ഖേല്‍ അഭിയാന് തുടങ്ങിയവ ആസൂത്രണം ചെയ്യുന്ന ടൂര്ണമെന്റുകളുെട സ്പോര്‍ട്സ് കലണ്ടര്‍ തയ്യാറാക്കും. കായിക പാഠ്യപദ്ധതി തയ്യാറാക്കും. ഓരോ തലത്തിനും പ്രത്യേക സിലബസ് തയ്യാറാക്കും. തിയറിയും പ്രാക്ടിക്കലും ഉണ്ടാകും. കായിക സര്‍വകലാശാലയുടെ ആദ്യപടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സ്ഥാപിക്കും. സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് ടെക്നോളജി, സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് കോച്ചിങ് എന്നീ മേഖലകളില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും. അന്താരാഷ്ട്രാ സര്‍വകലാശാലകളുമായി സഹകരണമുണ്ടാക്കുമെന്നും കായികനയത്തിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..