കൊച്ചി: പശ്ചിമ ബംഗാളിൽ നിന്നുള്ള മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ. ബഹുമുഖ വിംഗറായ റിത്വിക് റിയൽ കശ്മീർ എഫ്സിയിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 23-കാരനായ താരം റിയൽ കാശ്മീരിനായി 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആറ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണിൽ 2 അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലൂടെ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കുവാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് റിത്വിക് പറഞ്ഞു. കരിയറിലെ സുപ്രധാന വ​ഴിത്തിരിവാണിത്. ബ്ലാസ്റ്റേഴ്സിന്റെ വൻ ആരാധകവൃന്ദത്തിനു മുന്നിൽ കളിക്കാനായി കാത്തിരിക്കുകയാണ്. അവർക്കായി എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും -ബംഗാൾ താരം കൂട്ടിച്ചേർത്തു.

സിഎഫ്എൽ ഫസ്റ്റ് ഡിവിഷനിലെ കൊൽക്കത്ത കസ്റ്റംസിൽ നിന്ന് തന്റെ ഫുട്ബാൾ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് റിത്വിക് മോഹൻ ബഗൻ അക്കാദമിയുടെ ഭാഗമായിരുന്നു. ഐ-ലീഗിൽ എത്തും മുമ്പ് കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ഗ്രൂപ്പ് ബിയിൽ കാളിഘട്ട് എഫ്സിക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.

Content Highlights: Kerala Blasters signs real kashmir midfielder Ritwik Kumar Das