തിരുവനന്തപുരം:  കേരള ബ്ലാസ്റ്റേഴ്‌സ് കലൂര്‍ സ്റ്റേഡിയത്തില്‍ വന്ന് കളിച്ചുപോകുകയല്ലാതെ സ്്‌റ്റേഡിയത്തിന്റെ വളര്‍ച്ചക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്. കേന്ദ്ര സര്‍ക്കാറും (പന്ത്രണ്ടര കോടി) കേരള സര്‍ക്കാറും (പന്ത്രണ്ടര കോടി) സംസ്ഥാന ക്രിക്കറ്റ് (12 കോടി), ഫുട്‌ബോള്‍ അസോസിയേഷനുകളും ജി.സി.ഡി.എയും കലൂര്‍ സ്‌റ്റേഡിയത്തിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രൊമോഷണല്‍ പരിപാടികള്‍ നടത്തുകയല്ലാതെ സ്റ്റേഡിയത്തില്‍ എന്ത് നിര്‍മ്മാണ പ്രവര്‍ത്തിയാണ് ചെയ്തത്? ജയേഷ് ജോര്‍ജ്ജ് ചോദിക്കുന്നു. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനവേദി സംബന്ധിച്ച് സംസ്ഥാന കായികമന്ത്രി എ.സി മൊയ്തീനുമായി ചര്‍ച്ച നടത്തിയ ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ജയേഷ് ജോര്‍ജ്ജ്.

കലൂര്‍ സ്‌റ്റേഡിയത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ സ്ഥിരമായി നഷ്ടപ്പെടുമെന്ന പേടിയാണ് കെ.സി.എയ്ക്കുള്ളത്. അതാണ് കെ.സി.എ മുന്നോട്ടുവെച്ചതും. ഫുട്‌ബോളും ക്രിക്കറ്റും തമ്മിലുള്ള വഴക്കല്ല. രമ്യതയിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ ഹോം ഗ്രൗണ്ട് നഷ്ടപ്പെടുമ്പോഴുള്ള സങ്കടമാണുള്ളതെങ്കില്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കൊച്ചിയും ഹോം ഗ്രൗണ്ടാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ അതേ അളവില്‍ ക്രിക്കറ്റ് ആരാധകര്‍ക്കും സങ്കടമുണ്ടാകും. 

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരുമിച്ച് നടത്താന്‍ പറ്റുമെന്നു തന്നെയാണ് കെ.സി.എ ഇപ്പോഴും പറയുന്നത്. ഫിഫയുടെ ടൂര്‍ണമെന്റ് ഡയറക്ടറായ യാവിയര്‍ സെപ്പി തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം ഐ.പി.എല്ലിനും ഐ.എസ്.എല്ലിനും അണ്ടര്‍-17 ഫുട്‌ബോളിനും വേദിയായതാണ്. ആ സ്‌റ്റേഡിയം മാനേജ് ചെയ്യുന്നത് മുന്‍ ക്രിക്കറ്റ് താരമായ എബി കുരുവിളയാണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നു. അതുപോലെ ന്യൂസിലന്‍ഡിലും ക്രിക്കറ്റും റഗ്ബിയും നടക്കുന്ന സ്‌റ്റേഡിയമുണ്ട്. പിന്നെ കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തിയാല്‍ എന്താണ് പ്രശ്‌നം? ആര്‍ക്കു വേണ്ടായണ് ഈ പിടിവാശി. ഇപ്പോള്‍ വഞ്ചിക്കപ്പെട്ടത് ക്രിക്കറ്റ് ആരാധകരോ അതോ ഫുട്‌ബോള്‍ ആരാധകരോ?  ജയേഷ് ചോദിക്കുന്നു. 

കാര്യങ്ങളറിയാതെ വിവാദങ്ങളുണ്ടാക്കാനണ് ആളുകള്‍ക്ക് താത്പര്യമെന്നും കേരള ക്രിക്കറ്റില്‍ വന്ന മാറ്റങ്ങളും നേട്ടങ്ങളും കണക്കിലെടുക്കാതെ കെ.സി.എ മോഷ്ടിക്കാന്‍ നടക്കുന്നവരാണെന്നാണ് ആളുകള്‍ പറഞ്ഞു നടക്കുന്നതെന്നും ജയേഷ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു. 

Content Highlights: KCA Secretary Jayesh George On Kaloor Stadium and Kerala Blasters