കൊച്ചി: ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പേരിലുള്ള ആരോപണങ്ങള്‍ ശരിവെച്ച് ഇടക്കാല റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റ് ബി.വിനോദ് രാജിവെച്ചു. ഇടുക്കിയിലെ കെസിഎയുടെ സ്ഥലത്തുനിന്ന് അനധികൃതമായി പാറ പൊട്ടിക്കാന്‍ അനുമതി നല്‍കിയ സംഭത്തിലാണ് ബി.വിനോദിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടിരിക്കുന്നത് അന്ന് ഇടുക്കി ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന വിനോദാണ്. 

സംഭവത്തില്‍ ഇടുക്കി ജില്ലാ അസോസിയേഷനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന കെസിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തില്‍ കെസിഎ വൈസ് പ്രസിഡന്റായിരുന്ന റോങ്ക്ളിന്‍ ജോണിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ട് വൈസ് പ്രസിഡന്റുമാരെയും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനെയും ഇന്ന് തിരഞ്ഞെടുത്തിട്ടുണ്ട്.

നവംബര്‍ 26ന് തിരുവനന്തപുരത്ത് നടന്ന കെസിഎ യോഗത്തില്‍ ഇതുള്‍പ്പെടെ ഇടുക്കി ജില്ലാ അസോസിയേഷന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാവിലെ പ്രസിഡന്റിനൊപ്പം റിപ്പോര്‍ട്ട് വായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കുകയായിരുന്നെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. 

ഒരു കരാര്‍ ഒപ്പിട്ടതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നത്. അദ്ദേഹം അറിവില്ലായ്മ കൊണ്ടാണ് അത് ചെയ്തത്. കെസിഎയുടെ നിയമപ്രകാരം അസോസിയേഷന്റെ പ്രോപര്‍ട്ടി സെക്രട്ടറിയ്ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള ക്രയവിക്രയം നടത്താനാകൂ. എന്നാല്‍, മുന്‍ കെസിഎ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു അദ്ദേഹം അന്ന് കരാറൊപ്പിട്ടത് -ജയേഷ് ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

kca
 കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്

2016ലാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കരാറൊപ്പിട്ടത്. അന്ന് ടി.സി.മാത്യുവായിരുന്നു കെസിഎ പ്രസിഡന്റ്. ടി.സി.മാത്യുവിനെതിരെ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടതെന്നും ജയേഷ് കൂട്ടിച്ചേര്‍ത്തു. 

ഇടുക്കി ജില്ലാ അസോസിയേഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ടി.സി.മാത്യു അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. മറ്റുള്ളവര്‍ക്ക് വഴിയൊരുക്കാനെന്ന് വിശദീകരിച്ചായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് കൂടിയായ ടി.സി.മാത്യുവിന്റെ രാജി.

കെസിഎ അറിയാതെ ഇടുക്കി ജില്ലാ അസോസിയേഷന്‍ തീരുമാനങ്ങളെടുത്തിട്ടുണ്ടന്നും കെസിഎ സെക്രട്ടറി ജയേഷ് പറഞ്ഞു. കെസിഎയുടെ സ്ഥലത്തുനിന്ന് അനധികൃതമായി പാറ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ഇതുമൂലം കെസിഎയ്ക്ക് എത്രരൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കിയിട്ടില്ല. ഇടുക്കി അസോസിയേഷന്റെ മിനിറ്റ്സ് പരിശോധിച്ചപ്പോള്‍് പലതരത്തിലുള്ള ക്രമക്കേടുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാലാണ് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ കെസിഎ നേരിട്ടാകും ഇടുക്കി ജില്ലയുടെ കാര്യങ്ങള്‍ നോക്കുക -ജയേഷ് കൂട്ടിച്ചേര്‍ത്തു.

സസ്പെന്‍ഷന്‍ ശിക്ഷയല്ലെന്നും ഇടുക്കി അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിശദീകരണം ചോദിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ടി.സി.മാത്യുവിന്റെ അറിവോടെയാണ് ക്രമക്കേടുകള്‍ ഉണ്ടായിട്ടുള്ളതന്നാണ് മിനിറ്റ്സില്‍ നിന്ന് മനസിലാകുന്നത്. അദ്ദേഹത്തിനെതിരെ വേറെയും ആരോപണങ്ങളുണ്ട്. അവ വ്യക്തമാകാന്‍ അന്തിമ റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. അദ്ദേഹത്തിന് പറയാനുള്ളതും കേട്ട ശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുകയെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.