ഇന്ത്യ- ശ്രീലങ്ക മാച്ചിനിടെ കാണികളിൽ ഒരാളുടെ ആവേശം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോഴിക്കോട്: പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിവാദപരാമര്‍ശവും പിന്നാലെ കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. 38,000 സീറ്റുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കോംപ്ലിമെന്ററി പാസുകളടക്കം ആകെ കളികണ്ടത് 16,210 പേരാണ്. ഇതില്‍ വെറും 6,201 ടിക്കറ്റുകളാണ് വിറ്റുപോയത്. സ്റ്റേഡിയത്തില്‍ അവസാനം നടന്ന നാലുമത്സരങ്ങളില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോഴാണിത്.
കാണികള്‍ കുറഞ്ഞത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നെങ്കിലും ഇത് പ്രധാനചര്‍ച്ചയായി മാറിയത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ ട്വീറ്റോടെയാണ്. പാതിയൊഴിഞ്ഞ സീറ്റുകള്‍ സൂചിപ്പിക്കുന്നത് ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ എന്നായിരുന്നു യുവരാജ് സിങ്ങിന്റെ ചോദ്യം. ട്വന്റി20 മത്സരങ്ങള്‍ക്ക് ജനപ്രീതി ലഭിക്കുകയും സാമ്പത്തികമായും ലാഭമുണ്ടാക്കുന്ന ഐ.പി.എല്‍. പോലുള്ള പരിമിത ഓവര്‍ ടൂര്‍ണ്ണമെന്റുകള്‍ വ്യാപിക്കുകയും ചെയ്തതോടെ അമ്പത് ഓവര്‍ മത്സരങ്ങള്‍ കാണാന്‍ ആളുകള്‍ കുറയുന്നുവെന്ന ആശങ്ക നേരത്തേയുണ്ട്. 50 ഓവര്‍ ഏകദിന മത്സരങ്ങള്‍ക്ക് സമയത്തിന്റെ പേരിലാണ് ആളുകള്‍ പുറംതിരിഞ്ഞിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ടി-20 മത്സരങ്ങള്‍ മൂന്ന്- നാല് മണിക്കൂറിനുള്ളില്‍ അവസാനിക്കുന്നതിനാല്‍ കൂടുതല്‍ കാണികള്‍ എത്തുന്നുവെന്നാണ് കരുതിയിരുന്നത്.
മുമ്പ് നടന്ന മത്സരങ്ങള്‍ ഹൗസ് ഫുള്‍ ആകുകയും തീര്‍ത്തും അപ്രതീക്ഷിതമായി ഞായറാഴ്ച അവധി ദിനമായിരുന്നിട്ടും ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ കളിയില്‍ കാണികള്‍ അകന്നുനിന്നതും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. താരങ്ങള്‍ മത്സരത്തിനായി എത്തിയപ്പോള്‍ തന്നെ പതിവ് ആവേശക്കാഴ്ചകളൊന്നും തലസ്ഥാനത്ത് ഉണ്ടായില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0 ത്തിന് ജയിച്ച ശേഷമാണ് അവസാന മത്സരത്തിന് ടീമുകള്‍ കാര്യവട്ടത്തേക്ക് എത്തിയത്. പരമ്പര ഇന്ത്യ നേടിയതിനാലാണ് അവസാന മത്സരത്തിന് വലിയ ആവേശമുണ്ടാവാതിരുന്നതെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ഇതിന് മുമ്പ് 2018ലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന മത്സരം നടന്നത്. മറ്റ് മൂന്ന് മത്സരങ്ങളും ടി-20കളായിരുന്നു. കാണികളുടെ കുറവ് ഭാവിയില്‍ സംസ്ഥാനത്തിന് മത്സരങ്ങള്‍ അനുവദിക്കുന്നതിന് തിരിച്ചടിയായേക്കാമെന്നതാണ് പ്രധാന ആശങ്ക. അടുത്ത വര്‍ഷം ഏകദിന ലോകകപ്പിന് ആതിഥ്യമരുളുന്നത് ഇന്ത്യയാണ്. ഈ അവസരത്തില്‍ കേരളത്തിനും ഒരു മത്സരം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടന്ന പ്രധാനപ്പെട്ടൊരു മത്സരത്തില്‍ ആളുകള്‍ കുറഞ്ഞത് കേരളത്തിന് വേദി കിട്ടാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.
ഞായറാഴ്ചത്തെ മത്സരത്തില്‍ കാണികള്‍ കുറഞ്ഞത് വേദി അനുവദിക്കുന്നതില്‍ ബി.സി.സി.ഐ. സംസ്ഥാനത്തിനെതിരെ ആയുധമാക്കിയാല്‍ കായിക പ്രേമികള്‍ക്ക് മാത്രമാണ് നഷ്ടമെന്ന് ക്രിക്കറ്റ് പ്രേമിയും സ്ഥലം എം.പിയുമായ ശശി തരൂര്‍ പ്രതികരിച്ചു. കൂടുതല്‍ ആളുകള്‍ വരാനുള്ള സന്ദര്‍ഭം മന്ത്രിയുടെ പ്രസ്താവനമൂലം ഇല്ലാതായെന്നും അന്തര്‍ദേശീയ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലേക്ക് വരുന്ന സാഹചര്യം ഇല്ലാതാവുമെന്നതാണ് ഇതിന്റെ ഫലമായി ഉണ്ടാവാന്‍ പോവുന്നതെന്നുമായിരുന്നു സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞത്.
വിനോദനികുതി കുത്തനെ ഉയര്‍ത്തിയതാണ് ടിക്കറ്റ് വില വര്‍ധിക്കാന്‍ കാരണമായത്. നേരത്തെ അഞ്ചുശതമാനം ഉണ്ടായിരുന്ന വിനോദ നികുതി 12 ശതമാനമായി വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന് മന്ത്രി അബ്ദുറഹ്മാന് പ്രതികരിച്ചത്. തദ്ദേശസ്ഥാപനങ്ങളാണ് വിനോദനികുതി പിരിക്കുന്നത്. 24% മുതല്‍ 50% വരെ വാങ്ങാമായിരുന്ന വിനോദനികുതി 12 ശതമാനമേ വാങ്ങിയുള്ളൂവെന്നാണ് തദ്ദേശമന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം. തിരുവനന്തപുരം കോര്‍പ്പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത് ഇരുകൂട്ടരുടേയും സമ്മതപ്രകാരമാണ് നികുതിനിരക്ക് നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മത്സരത്തിന് കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനായി നികുതിയില്‍ ഇളവ് നല്‍കുകയായിരുന്നു പതിവ്. ഇത് ഇത്തവണ ഉണ്ടായില്ല. നികുതി കുറച്ചാലും അതിന്റെ ഗുണം കാണികള്‍ക്ക് ലഭിക്കുന്നില്ലെന്നായിരുന്നു ഇതിനോട് കായിക മന്ത്രിയുടെ പ്രതികരണം.
ശബരിമല സീസണ്, പൊങ്കല്‍, സി.ബി.എസ്.സി. പരീക്ഷകള്‍, മൂന്ന് മാസത്തെ ഇടവേളയ്ക്കിടയില്‍ രണ്ടാമതൊരു മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയില്‍ കുറവ് വരാന്‍ കാരണമായി എന്നായിരുന്നു കെ.സി.എ. നേരത്തെ പ്രതിരോധം ഉന്നയിച്ചത്. എന്നാല്‍, മന്ത്രിയുടെ പ്രസ്താവനയും കാണികള്‍ കുറയുന്നതിന് കാരണമായി എന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോര്‍ജിന് കഴിഞ്ഞ ദിവസം സമ്മതിക്കേണ്ടി വന്നു. കേരളം പോലൊരു സംസ്ഥാനത്ത് വൈകാരികമായി ആളുകള്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു കെ.സി.എ. ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയുടെ പ്രതികരണം. അത് ആ സമയത്തെ പ്രതികരണമായി മാത്രമായാണ് കാണുന്നത്. കെ.സി.എ. വിവാദങ്ങളിലല്ല ശ്രദ്ധിക്കുന്നത്. നാളെ ഒരു മത്സരം കേരളത്തില്‍ എത്തുമ്പോള്‍ ഇപ്പോഴുള്ള സാഹചര്യം മാറുമെന്നും ബിനീഷ് കോടിയേരി മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു.
'മറ്റ് സംസ്ഥാനങ്ങള്‍ക്ക് വര്‍ഷത്തില്‍ നാലും അഞ്ചും മത്സരങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയത്ത് കേരളത്തിന് ഒരു കളിയാണ് വര്‍ഷത്തില്‍ അനുവദിച്ചുകിട്ടുന്നത്. ആ അവസ്ഥ മാറ്റിയെടുക്കാനുള്ള നടപടികളാണ് കേരള ക്രിക്കറ്റ് അസോസിയേഷന് ചെയ്യുന്നത്. നികുതി 24 ശതമാനമായിരുന്നത് സര്‍ക്കാര്‍ 12 ശതമാനമാക്കി കുറയ്ക്കുകയാണ് ചെയ്തത്. കാര്യവട്ടം മനോഹരമായ സ്റ്റേഡിയമാണ്. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കാന്‍ കെ.സി.എ. തയ്യാറാണ്. അന്തര്‍ദേശീയ തലത്തില്‍ നല്ല അഭിപ്രായമായിരുന്നില്ല പിച്ചിനെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ രണ്ടു റെക്കോര്‍ഡുകള്‍ പിച്ചില്‍ പിറന്നു. എറണാകുളത്തും സ്വന്തം സ്റ്റേഡിയം കെ.സി.എ. നിര്‍മ്മിക്കുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവരാനാണ് കെ.സി.എ. ശ്രമിക്കുന്നത്.'- ബിനീഷ് വ്യക്തമാക്കി.
വെസ്റ്റിന്‍ഡീസിന്റെ 173 റണ്‍സ് ആയിരുന്നു സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്കോര്‍. ആ പേരുദോഷമാണ് കഴിഞ്ഞ ദിവസം മാറിയത്. ഞായറാഴ്ച ഇന്ത്യമാത്രം 390 റണ്‍സാണ് ഗ്രീന്‍ഫീല്‍ഡിലെ പിച്ചില്‍ നേടിയത്. ഇത് സ്റ്റേഡിയത്തിലെ റെക്കോര്‍ഡാണ്. 14 സിക്സുകളും 32 ബൗണ്ടറികളും കളിയില്‍ ആകെ പിറന്നു. 317 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ഇന്ത്യയിവിടെ ശ്രീലങ്കയ്ക്കെതിരെ നേടിയത്. വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറികള്‍ നേടി. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡ് സച്ചിനെ പിന്നിലാക്കി ഇതോടെ കോലി സ്വന്തമാക്കി. മുഹമ്മദ് സിറാജ് ഗ്രീന്‍ഫീല്‍ഡിലെ പിച്ചില്‍ നാല് വിക്കറ്റാണ് നേടിയത്. ഇത്രയും സവിശേഷതകള്‍ നിറഞ്ഞിട്ടും ആവേശം നിറയുന്ന കളി ഇരുടീമുകളും പുറത്തെടുത്തിട്ടും കാണികള്‍ കുറഞ്ഞത് മത്സരത്തെ മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ കായിക സ്വപ്നങ്ങളെ തന്നെയാണ് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക.
Content Highlights: karyavattom green field stadium less crowd ind sri match controversy what's next?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..