ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഇന്ത്യയെ ആദ്യമായി ലോക കിരീടമണിയിച്ച നായകന്‍ കപില്‍ ദേവിന് ഇന്ന് അറുപതാം പിറന്നാള്‍. 1983-ല്‍ എതിരാളികളില്ലാത്ത ടീമെന്ന് വിശേഷിപ്പിച്ചിരുന്ന വെസ്റ്റിന്‍ഡീസിനെ തറപറ്റിച്ചാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ചത്. 

ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ കപില്‍ നേടിയ 175 റണ്‍സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 1959 ജനുവരി ആറിന് ചണ്ഡീഗഢിലാണ്, തടിക്കച്ചവടക്കാരനായ രാംലാല്‍ നിഖഞ്ജിന്റെയും രാജ്കുമാരിയുടെയും മകനായി കപില്‍ ജനിച്ചത്. 

1978-ല്‍ പാകിസ്താനെതിരെയായിരുന്നു ടെസ്റ്റിലും ഏകദിനത്തിലും കപിലിന്റെ അരങ്ങേറ്റം. 131 ടെസ്റ്റുകളില്‍നിന്ന് 5248 റണ്‍സും 434 വിക്കറ്റും. 225 ഏകദിനങ്ങളില്‍നിന്ന് 3783 റണ്‍സും 253 വിക്കറ്റും ഇന്ത്യയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്. 

1994-ല്‍ വിരമിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോഡ് കപിലിന്റെ പേരിലായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം എന്ന ബഹുമതിയും ആ സമയത്ത് അദ്ദേഹത്തിന്റെ പേരിലായിരുന്നു.

Content Highlights: kapil dev 60th birthday today