ഹോങ്കോങ്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ മെഡിക്കല്‍ സ്റ്റാഫിന്റെ മോശം സമീപനത്തിനെതിരേ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് രംഗത്ത്.

ട്വിറ്ററില്‍ കോവിഡ് പരിശോധനയെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലുള്ള ചിത്രം പങ്കുവെച്ചാണ് ശ്രീകാന്ത് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞത്. ഇതിനൊപ്പം രക്തം തുടച്ചിട്ടിരിക്കുന്ന ടിഷ്യുവിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

ടൂര്‍ണമെന്റിനായി ഇവിടെ എത്തിയതുമുതല്‍ നാലു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ആ അനുഭവം ഒട്ടും സുഖകരമായിരുന്നില്ലെന്നും ശ്രീകാന്ത് കുറിച്ചു. 

നേരത്തെ ഇന്ത്യന്‍ താരങ്ങളായ സൈന നേവാള്‍, എച്ച്.എസ് പ്രണോയ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശ്രീകാന്തിന്റെ പ്രതികരണം. 

അതിനിടെ പ്രണോയിയുടെ പരിശോധനാ ഫലം ആദ്യം പോസിറ്റീവായിരുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ പിന്നീട് താരം നെഗറ്റീവാണെന്ന് അറിയിച്ചിരുന്നു. സൈനയാകട്ടെ തന്നോട് കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞതല്ലാതെ റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ലെന്നും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മെഡിക്കല്‍ സ്റ്റാഫിനെതിരേ ശ്രീകാന്ത് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: K Srikanth Badminton Thailand Open Covid Test