ധാക്ക: ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന 22-ാമത് ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം.

വനിതകളുടെ കൊംപൗണ്ട് വിഭാഗം ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദക്ഷിണ കൊറിയയുടെ ഓഹ് യൂഹ്യുന്നിനെ കീഴടക്കിയാണ് ജ്യോതി സ്വര്‍ണം നേടിയത്. സ്‌കോര്‍: 146-145.ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്.

ജ്യോതി വ്യാഴാഴ്ച്ച നേടുന്ന രണ്ടാം മെഡലാണിത്. രാവിലെ നടന്ന  കോംപൗണ്ട് മിക്‌സഡ് ടീം ഇനത്തില്‍ ജ്യോതി-ഋഷഭ് യാദവ് സഖ്യം വെള്ളി മെഡല്‍ നേടിയിരുന്നു. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം യുന്‍ഹി-ചോയ് യോംഗി സഖ്യത്തോട് ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 155-154

നിലവില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകള്‍ നേടിക്കൊണ്ട് പോയന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാല് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം ആറ് മെഡലുകള്‍ നേടിയ ദക്ഷിണ കൊറിയയാണ് പട്ടികയില്‍ ഒന്നാമത്. കസാഖ്‌സ്താന്‍ മൂന്നാമതും ഇറാന്‍ നാലാമതും നില്‍ക്കുന്നു. ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച അവസാനിക്കും. 
    

Content Highlights: Jyothi Surekha Vennam wins gold and silver in Asian Archery Championship