ഹൈദരാബാദ്: ചൈനീസ് ബാഡ്മിന്റൺ ഇതിഹാസതാരം ലിൻ ഡാൻ ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കിൽ കരിയറിൽ രക്ഷപ്പെടാൻ പ്രയാസമായിരിക്കുമെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. ബാഡ്മിന്റൺ കോർട്ടിലെ വികൃതിപ്പയ്യനായ, തെറ്റായ രീതികൾക്കെതിരേ പ്രതികരിക്കുന്ന ലിൻ ഡാന് ഇന്ത്യയിലെ സാഹചര്യത്തിൽ അതിജീവനം ബുദ്ധിമുട്ടായിരിക്കുമെന്ന് ജ്വാല വ്യക്തമാക്കുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും അനീതികൾക്കെതിരേ ശബ്ദമുയർത്തിയതിന് തന്നെ അധികൃതർ ഒതുക്കിക്കളഞ്ഞത് ഇതിന് ഉദാഹരണമാണെന്നും ജ്വാല പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജ്വാല. ലോക ബാഡ്മിന്റണിലെ ഏറ്റവും മികച്ച താരമായ ലിൻ ഡാന് ഈ അടുത്താണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

2000-ത്തിൽ ഗ്വാങ്ഷൂവിൽ നടന്ന ജൂനിയർ ലോകചാമ്പ്യൻഷിപ്പിലാണ് ലിൻ ഡാനെ ആദ്യം പരിചയപ്പെടുന്നത്. അന്നത്തെ ചൈനീസ് ടീമിനോട് നമ്മൾ തോറ്റു. റോബോർട്ടുകളെപ്പോലെയായിരുന്നു അവരുടെ കളി. പരിശീലനത്തിലും ഫൂട് വർക്കിലും കളിയോടുള്ള മനോഭാവത്തിലുമെല്ലാം അവർ റോബോർട്ടുകളെപ്പോലെയാണ്. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തനായിരുന്നു ലിൻ ഡാൻ. അദ്ദേഹം അക്രമോണത്സുകനായ കളിക്കാരനായിരുന്നു. തോൽക്കുമ്പോഴും നിർഭയരായി കാണപ്പെടുന്ന യൂറോപ്യൻ താരങ്ങളെപ്പോലെ ആയിരുന്നു ലിൻ ഡാൻ. എന്നാൽ ഏഷ്യൻ താരങ്ങളിൽ പൊതുവേ ഈ അക്രമണോത്സുകത കാണാറില്ല.

ഇന്ത്യയിലാണെങ്കിൽ ലിൻ ഡാൻ ഇത്ര വലിയ താരമാകുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം ഇത്തരം വികൃതിക്കുട്ടികളെ ഇന്ത്യക്കാർ എത്രകണ്ട് സ്വീകരിക്കുമെന്ന് കണ്ടറിയണം. അതുകൊണ്ടല്ലേ എന്നെ സ്വീകരിക്കാൻ എല്ലാവർക്കും മടി. ഇന്ത്യയിൽ പൊതുവെ ഒരു ആൾക്കൂട്ട മന:സ്ഥിതിയാണുള്ളത്. എന്നാൽ എല്ലാ തരത്തിലുമുള്ള വ്യക്തിത്വങ്ങളെ സ്വീകരിക്കാൻ നമ്മൾ പഠിക്കണം. ഒരു വ്യക്തിക്ക് വളരണമെങ്കിൽ അവരുടേതായ ഇടം നൽകണം. അല്ലെങ്കിൽ വ്യക്തിഗത ഇനങ്ങളിൽ മികച്ച താരങ്ങളെ നമുക്ക് ലഭിക്കില്ല. ജ്വാല ഗുട്ട അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.