താഷ്‌കെന്റ് (ഉസ്ബക്കിസ്ഥാന്‍): വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ പുരുഷ ഗോള്‍കീപ്പറെ ഇറക്കി ഇറാന്‍ കളി ജയിച്ചെന്ന ആരോപണവുമായി ജോര്‍ദാന്‍. ഇറാന്‍ വനിതാ ടീമും ജോര്‍ദാന്‍ വനിതാ ടീമും തമ്മില്‍ സെപ്റ്റംബര്‍ 25-ന് നടന്ന വനിതകളുടെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിന്റെ പേരിലാണ് പുതിയ വിവാദം.

ഇറാന്‍ ഷൂട്ടൗട്ടില്‍ ജയിച്ച മത്സരത്തില്‍ അവര്‍ക്കായി ഗോള്‍വല കാത്ത സൊഹ്‌റ കൗദേയി പുരുഷനാണെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ജോര്‍ദാന്‍ രാജാവിന്റെ മകനുമായ അലി ബിന്‍ ഹുസൈനാണ്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇറാന്റെ വിജയം. ഇതില്‍ രണ്ടു പെനാല്‍റ്റികള്‍ ഉള്‍പ്പെടെ നിരവധി സേവുകള്‍ കൗദേയി നടത്തിയിരുന്നു. ഈ ജയത്തോടെ ഇറാന്‍ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു. 

പുരുഷനായ കൗദേയി വനിതാ താരമായി വേഷംകെട്ടിയതാണെന്ന് അലി ബിന്‍ ഹുസൈന്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ദാന്‍ ഫുട്‌ബോള്‍ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ലിംഗ പരിശോധന നടത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്‌നങ്ങള്‍ മുന്‍പും ഉയര്‍ന്നിട്ടുണ്ടെന്നും അലി ബിന്‍ ഹുസൈന്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കൗദേയിക്കെതിരേ ഉയര്‍ന്ന ആരോപണം ഇറാന്‍ സെലക്ടര്‍ മാര്യം ഇറാന്‍ദൂസ്ത് തള്ളി. തങ്ങളുടെ മെഡിക്കല്‍ സംഘം ദേശീയ ടീമിലെ ഓരോ കളിക്കാരുടെയും ഹോര്‍മോണ്‍ പരിശോധന നടത്തിയതാണെന്ന് അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഏത് അന്വേഷണമുണ്ടായാലും പൂര്‍ണമായും സഹകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: jordan accuses iran women football team goalkeeper is male posing as a female