റാഞ്ചി: ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മറ്റും കായിക ഇനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ ഓരോ കായിക മാമാങ്കങ്ങള്‍ക്കിടയിലും കാണാം. എന്നാല്‍ പലപ്പോഴും ഇത്തരം മിന്നും താരങ്ങളെ പിന്നീട് എങ്ങും നമുക്ക് കാണാന്‍ സാധിക്കാറുമില്ല. നാളെയുടെ വാഗ്ദാനമാകേണ്ടിയിരുന്ന പലര്‍ക്കും ഇത്തരത്തില്‍ പല ബുദ്ധിമുട്ടുകള്‍ കാരണം കായിക രംഗത്തുനിന്നു തന്നെ വിടവാങ്ങേണ്ടതായി വന്നിട്ടുമുണ്ട്.

ഇത്തരത്തില്‍ ഒരു കഥ തന്നെയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ദേശീയ അമ്പെയ്ത്ത് താരമായ സോനു ഖാട്ടൂണിന് പറയാനുള്ളത്. 2011-ലെ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 17 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവായിരുന്ന സോനു അന്ന് നാളെയുടെ താരമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ദിവസ വേതനക്കാരനായ അച്ഛന് കിട്ടുന്ന തുച്ഛമായ തുക, ആ അഞ്ചംഗ കുടുംബത്തിലെ ഒരാളുടെ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാന്‍ പോന്നതായിരുന്നില്ല.

വിലകുറഞ്ഞ ഒരു അമ്പെയ്ത്ത് കിറ്റായിരുന്നു സോനു പരിശീലനത്തിനായി ഉപയോഗിച്ചിരുന്നത്. രണ്ടു വര്‍ഷം മുമ്പ് അത് പൊട്ടിപ്പോയതോടെ അവളുടെ പരിശീലനവും മുടങ്ങി. പതിനായിരങ്ങള്‍ വിലയുള്ള മറ്റൊരു കിറ്റ് വാങ്ങാനുള്ള ശേഷി ആ കുടുംബത്തിനില്ലായിരുന്നു. 

പിന്നാലെ തന്റെ സ്വപ്‌നങ്ങള്‍ മാറ്റിവെച്ച് അച്ഛനെ സഹായിക്കാന്‍ സോനു വീട്ടുവേലയ്ക്ക് പോയിത്തുടങ്ങി. എന്നാല്‍ കോവിഡ്-19 അതിനും വിലങ്ങുതടിയായി. അങ്ങനെയാണ് ഉപജീവനത്തിനായി സോനു തെരുവില്‍ പച്ചക്കറി വില്‍ക്കാനിറങ്ങുന്നത്. മുന്‍ അമ്പയെത്ത് താരത്തിന്റെ ഇന്നത്തെ അവസ്ഥ അതോടെ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള അവളുടെ വാക്കുകള്‍ എത്തേണ്ട കാതുകളിലെത്തി. ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സോനു ഡെപ്യൂട്ടി കമ്മീഷ്ണറില്‍ നിന്ന് നിയമന ഉത്തരവ് കൈപ്പറ്റി. ധന്‍ബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സോനുവിന് ജോലി ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച സോനു ആദ്യമായി ജോലിക്കെത്തും.

സോനുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ധന്‍ബാദിലെ ഏഷ്യന്‍ ദ്വാരക്ദാസ് ജലന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ ജാര്‍ഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് സോനുവിന് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

''എന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഈ തീരുമാനം സഹായിക്കും. ഞാനിപ്പോള്‍ തന്നെ പരിശീലനത്തിനു വേണ്ടി ഒരു അമ്പെയ്ത്ത് കിറ്റ് സംഘടിപ്പിക്കാന്‍ പോകുകയാണ്'', തീരുമാനം അറിഞ്ഞതിനു പിന്നാലെ ഇതായിരുന്നു സോനുവിന്റെ പ്രതികരണം.

Content Highlights: Jharkhand archer Sonu Khatoon who was forced to sell vegetables, gets job