കറാച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് പാകിസ്താന്റെ മുന്‍താരം ജാവേദ് മിയാന്‍ദാദ്. ഇക്കാര്യത്തില്‍ ഐ.സി.സി തീരുമാനമെടുക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെടുന്നു. പാക് വീഡിയോ വെബ്‌സൈറ്റായ പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ പ്രതികരണം.

ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന്  എല്ലാവരും മനസിലാക്കണം. പാകിസ്താന്‍ മാത്രമല്ല, ഇന്ത്യയും സുരക്ഷിതമായ രാജ്യമല്ല.  ഇന്ത്യയെ വിലക്കണമെന്ന് ഞാന്‍ ഐ.സി.സിയോട് ആവശ്യപ്പെടുന്നു. ഒരു ടീമും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തരുത്. ഇക്കാര്യത്തില്‍ ഐ.സി.സിയില്‍ നിന്ന് നീതി കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐ.സി.സിയുടെ തീരുമാനം അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഇന്ത്യ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഐ.സി.സി വിലക്കണം. മിയാന്‍ദാദ് വീഡിയോയില്‍ പറയുന്നു.

ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ലോകം മുഴുവന്‍ കാണുന്നുണ്ട്. എല്ലാവരും ആശങ്കാകുലരാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമല്ല. മറ്റു രാജ്യങ്ങള്‍ എത്രയോ സുരക്ഷിതമാണ്.  വംശീയ പ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. കശ്മീരികള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരേയുള്ള വെറുപ്പ് പടര്‍ത്തുകയാണ്. കായികതാരങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തണം. മിയാന്‍ദാദ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

Content Highlights: Javed Miandad wants ICC to stop teams from touring India