ഇസ്‌ലാമാബാദ്: ഈ വരുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താനെ വിലക്കാനുള്ള ബി.സി.സി.ഐ നീക്കത്തിനെതിരേ മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്.

പാകിസ്താനെ വിലക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും മിയാന്‍ദാദ് അഭിപ്രായപ്പെട്ടു. ഐ.സി.സി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ യോഗ്യത നേടിയ ടീമുകള്‍ക്കെല്ലാം പങ്കെടുക്കാമെന്നതാണ് നിയമം. പിന്നെങ്ങിനെ ഐ.സി.സിക്ക് പാകിസ്താനെ വിലക്കാനാകുമെന്നും മിയാന്‍ദാദ് ചോദിച്ചു.

അതേസമയം ക്രിക്കറ്റില്‍ മാത്രമല്ല കായികമേഖലയില്‍ ഇനി പാകിസ്താനുമായി യാതൊരുവിധ ബന്ധവും വേണ്ടെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വാക്കുകളോട് രൂക്ഷമായാണ് മിയാന്‍ദാദ് പ്രതികരിച്ചത്.

'' സൗരവിന് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു തോന്നുന്നു അല്ലെങ്കില്‍ മുഖ്യമന്ത്രിയാകണമായിരിക്കും. അതിനായി ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിത് '' - മിയാന്‍ദാദ് പറഞ്ഞു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റില്‍ മാത്രമല്ല കായികമേഖലയില്‍ ഇനി പാകിസ്താനുമായി യാതൊരുവിധ ബന്ധവും വേണ്ടെന്ന് ഗാംഗുലി പറഞ്ഞത്. ലോകകപ്പില്‍ ഒരു മത്സരം ഇന്ത്യ കളിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഭീകരവാദത്തിനെതിരെ വലിയ സന്ദേശം തന്നെ നല്‍കണം. ഇന്ത്യ ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ഐ.സി.സിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

Content Highlights: javed miandad blasts bcci shuns calls for pakistan ban as childish and foolish