ഓക്ക്‌ലാന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20-യില്‍ ആറു വിക്കറ്റിന്റെ വിജയം നേടാനായെങ്കിലും പ്രധാന ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ അവസാന ഓവറിലെ രണ്ടാമത്തെ പന്ത് എറിഞ്ഞ ശേഷമുള്ള ഫോളോത്രൂവില്‍ ബുംറയുടെ കണങ്കാല്‍ തിരിഞ്ഞുപോകുകയായിരുന്നു, വേദനകൊണ്ട് പുളയുന്ന ബുംറയെയാണ് പിന്നീട് കണ്ടത്.

ടീം ഇന്ത്യയുടെ ഫിസിയോ ഉടന്‍ തന്നെ അടുത്തെത്തി താരത്തെ പരിശോധിച്ചു. പിന്നീട് താരം ഓവര്‍ പൂര്‍ത്തിയാക്കിയെങ്കിലും റണ്ണപ്പിലും മറ്റും പ്രശ്‌നങ്ങളുണ്ടായി. ഇതോടെ കിവീസ് ഇന്നിങ്‌സ് അവസാനിച്ച ഉടന്‍ തന്നെ ബുംറയെ സ്‌കാനിങ്ങിനായി ആശുപത്രിയിലേക്ക് മാറ്റി. 

താരത്തിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല. അതേസമയം പരിക്ക് കാരണം ബുംറയ്ക്ക് പരമ്പരയില്‍ തുടര്‍ന്ന് കളിക്കാനായില്ലെങ്കില്‍ ടീം ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടി തന്നെയായിരിക്കും.

Content Highlights: Jasprit Bumrah twists ankle during first T20