ലണ്ടന്‍: ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും വിവാദക്കുരുക്കില്‍.

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ഡേറ്റ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയ യുവതി, താരം ഒരു 'മാനസിക രോഗി'യാണെന്നും ആരോപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് മോഡലും നടിയും ബിഗ് ബ്രദര്‍ മത്സരാര്‍ഥിയുമായ ജാസ്മിന്‍ ലെന്നാര്‍ഡാണ് പോര്‍ച്ചുഗീസ് താരത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 

താരത്തിനെതിരേ നേരത്തെ ബലാത്സംഗ കേസ് നല്‍കിയ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയ്ക്ക് താന്‍ സഹായം വാഗ്ദാനം ചെയ്യാന്‍ തയ്യാറാണെന്നും ജാസ്മിന്‍ ലെന്നാര്‍ഡ് വ്യക്തമാക്കി. 

'അയാളൊരു മാനസികരോഗിയാണ്. അയാളുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അതിനെ കുറിച്ച് ചെറിയ ഒരു സൂചനയെങ്കിലും ലഭിച്ചാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും', ജാസ്മിന്‍ ലെന്നാര്‍ഡ് ട്വിറ്ററില്‍ കുറിച്ചു. 

ക്രിസ്റ്റ്യാനോയുമായി 10 വര്‍ഷം മുന്‍പ് താന്‍ ഡേറ്റിങ്ങിലായിരുന്നുവെന്നാണ് ജാസ്മിന്‍ ലെന്നാര്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്. താരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുമ്പോഴായിരുന്നു ഇത്. 

cristiano ronaldo

ഇനിയും ക്രിസ്റ്റ്യാനോ പറയുന്ന കള്ളം കേട്ടിരിക്കാന്‍ തനിക്കാവില്ലെന്നു പറഞ്ഞ ജാസ്മിന്‍ താന്‍ കാതറിന്‍ മയോര്‍ഗയുടെ അഭിഭാഷകരെ ബന്ധപ്പെട്ട് കേസില്‍ തനിക്കാകുന്ന സഹായം ചെയ്യാന്‍ പോകുകയാണെന്നും വെളിപ്പെടുത്തി. അയാള്‍ക്കെതിരേ തന്റെ പക്കല്‍ മെസേജുകളും റെക്കോഡിങ്ങുകളും ഉണ്ടെന്നും ജാസ്മിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം ജാസ്മിന്‍ ലെന്നാര്‍ഡിന്റെ ആരോപണങ്ങള്‍ തള്ളി റൊണാള്‍ഡോയുടെ അഭിഭാഷക സംഘം രംഗത്തെത്തി. ജാസ്മിന്റെ ആരോപണങ്ങള്‍ കള്ളമാണെന്നും താരത്തെ മനപ്പൂര്‍വം വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും സംഘം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷക സംഘം വ്യക്തമാക്കി. 

jasmine lennard calls ex cristiano ronaldo a psycho and vows help woman accusing him rape

ഇതിനു പിന്നാലെ ജാസ്മിന്‍ ലെന്നാര്‍ഡിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി. 

2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായാണ് അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗ നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. ഇത് പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും മുപ്പത്തിനാലുകാരിയായ യുവതി വെളിപ്പെടുത്തിയിരുന്നു.

cristiano ronaldo

റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ വിട്ട് റയലിലേക്ക് മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്. ലാസ് വെഗാസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു റൊണാള്‍ഡോ. അന്ന് 25-കാരിയിയിരുന്ന മയോര്‍ഗ റെയ്ന്‍ എന്ന നിശാക്ലബ്ബില്‍ ജോലി ചെയ്യുകയായിരുന്നു.

നിശാക്ലബ്ബില്‍ റൊണാള്‍ഡോയും യുവതിയും ഒന്നിച്ചുള്ള ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. യുവതിയെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കാതറിന്റെ പരാതിയില്‍ പറയുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞപ്പോള്‍ യുവതി അതിന് തയ്യാറായി. എന്നാല്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ യുവതി എതിര്‍ത്തു. ഈ സമയം തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതിനൊടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചെന്നും താനൊരു മാന്യനാണെന്നു പറഞ്ഞെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights: jasmine lennard calls ex cristiano ronaldo a psycho and vows help woman accusing him rape