ടോക്യോ: കോവിഡ്-19 ആശങ്കയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഒളിമ്പിക്‌സ് നടക്കുമോ എന്ന് ഉറപ്പില്ലാതിരിക്കെ ജപ്പാന്റെ ഒളിമ്പിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റിനും കൊറോണ വൈറസ് ബാധ.

ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ജെ.എഫ്.എ) ചെയര്‍മാന്‍ കൂടിയായ കൊസോ താഷിമയുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണെന്ന് ജെ.എഫ്.എ തന്നെയാണ് അറിയിച്ചത്. 62-കാരനായ താഷിമയ്ക്ക് ബ്രിട്ടനില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് ജെ.എഫ്.എ പറയുന്നത്. ചൊവ്വാഴ്ചയാണ് താഷിമയുടെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നത്. 

ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യ വാരവുമായി അദ്ദേഹം ബ്രിട്ടന്‍, നെതര്‍ലന്‍ഡ്, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷം ആംസ്റ്റര്‍ഡാമില്‍ നടന്ന യുവേഫയുടെ യോഗത്തിലും താഷിമ പങ്കെടുത്തിരുന്നു. പിന്നീട് അമേരിക്കയും സന്ദര്‍ശിച്ചു. തുടര്‍ന്ന് മാര്‍ച്ച് എട്ടിനാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ച താഷിമ ഇപ്പോള്‍ ജപ്പാനില്‍ ചികിത്സയിലാണ്. താന്‍ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. പനിയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പരിശോധനകള്‍ക്ക് വിധേയനാക്കിയത്.

Content Highlights: Japan Olympic Committee vice-president Kozo Tashima tested positive for coronavirus