ടോക്യോ: ഈ വർഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാൽ അത് പുതിയ കോവിഡ് വൈറസ് വകഭേദത്തിന് കാരണമാകുമെന്നും കോവിഡ് വൈറസിന്റെ ഒളിമ്പിക് വകഭേദം എന്നാവും ഇതിന് പേര് വീഴാൻ പോവുകയെന്നും ഡോക്ടർമാർ പറയുന്നു.

'ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മാറ്റം വന്ന പലതരം കോവിഡ് വൈറസുകൾ ടോക്യോയിൽ കൂടിച്ചേരുകയും അതിൽ നിന്ന് പുതിയ വൈറസ് വകഭേദം ഉണ്ടാകാനും സാധ്യതയുണ്ട്. അതു തള്ളിക്കളയാനാവില്ല. ടോക്യോ ഒളിമ്പിക്സിന്റെ വകഭേദം എന്നാകും അതിന് പേരിടുക. അതൊരു വലിയ ദുരന്തമാകും. 100 വർഷം കഴിഞ്ഞാലും അതിന്റെ പേരിൽ നമ്മൾ പഴി കേൾക്കേണ്ടി വരും.' ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കുന്നു.

നിലവിൽ ടോക്യോ ഒളിമ്പിക്സിലേക്ക് വിദേശ കാണികൾക്ക് പ്രവേശനമില്ല. പ്രാദേശിക കാണികൾക്ക് പ്രേവശനം നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം ഇരുന്നൂനിലധികം രാജ്യങ്ങളിൽ നിന്ന് മത്സരാത്ഥികളും മറ്റു സപ്പോർട്ടിങ് സ്റ്റാഫുകളും ഒളിമ്പിക്സിന് എത്തും.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്. ഈ വർഷം ഒളിമ്പിക്സിൽ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ നാലാം ഘട്ടമാണ് ജപ്പാനിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Japan doctors union warns games could lead to Tokyo Olympic virus strain