മിയു ഗോട്ടയുടെ സ്വർണ മെഡലിൽ കടിക്കുന്ന നഗോയ മേയർ തകാഷി കവാമുറ | Photo: Reuters
ടോക്യോ: ഓരോ തവണയും വിജയത്തിന്റെ രുചി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാ താരങ്ങളും. അതുകൊണ്ടായിരിക്കണം സമ്മാനമായി ലഭിക്കുന്ന മെഡല്‍ ഓരോരുത്തരും കടിച്ചുനോക്കുന്നത്. പ്രത്യേകിച്ച് ഒളിമ്പിക്‌സ് വേദികളിലാണ് ഇതു കണ്ടിട്ടുള്ളത്.
എന്നാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ ഈ പതിവ് കണ്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ റീസൈക്കിള്‍ ചെയ്ത് മെഡല്‍ നിര്‍മിച്ചിരിക്കുന്നതു കൊണ്ടാണിത്. അതു മാത്രമല്ല, കോവിഡും ഈ മെഡല്‍ കടിക്കുന്നത് ഒഴിവാക്കാന്‍ കാരണമായി.
സോഫ്റ്റ് ബോളില്‍ സ്വര്‍ണം നേടിയ ജപ്പാന്‍ ടീമംഗം മിയു ഗോട്ടയും അധികൃതരുടെ ഈ നിര്‍ദേശം അനുസരിച്ചു. മെഡല്‍ കടിക്കാന്‍ നിന്നില്ല. പക്ഷേ പറഞ്ഞിട്ട് എന്തുകാര്യം, ആ മെഡലില്‍ കടിക്കാന്‍ മറ്റൊരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മിയു ഗോട്ടയുടെ സ്വദേശമായ നഗോയുടെ മേയര്‍ തകാഷി കവാമുറ.
മിയു ഗോട്ടയുടെ നേട്ടം ആഘോഷിക്കാന്‍ കഴിഞ്ഞാഴ്ച്ചയാണ് മേയര്‍ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. ആ ചടങ്ങിനിടയില്‍ മാസ്‌ക് മാറ്റി മേയര്‍ സ്വര്‍ണ മെഡലില്‍ കടിക്കുകയായിരുന്നു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മേയറുടെ ഈ പ്രവര്‍ത്തി രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. മിയു ഗോട്ടയുടെ മെഡല്‍ മാറ്റി നല്‍കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ഒടുവില്‍ ടോക്യോ ഒളിമ്പിക്‌സ് സംഘാടകര്‍ വഴങ്ങി. ആ മെഡലിന് പകരം പുതിയ മെഡല്‍ ജപ്പാനീസ് താരത്തിന് നല്‍കി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതിന്റെ ചിലവും വഹിച്ചു.
ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിക്കുന്നതല്ല. ടോക്യോ ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന സ്വര്‍ണ മെഡലിന്റെ തൂക്കം 556 ഗ്രാമാണ്. ഇതില്‍ ആറു ഗ്രാം മാത്രമാണ് സ്വര്‍ണം. ശേഷിക്കുന്നത് വെള്ളിയാണ്.
Content Highlights: Japan athlete to get nibbled gold medal replaced
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..