ന്യൂഡല്‍ഹി: ജയിലില്‍ പ്രോട്ടീന്‍ സപ്ലിമെന്റ്‌സും വ്യായാമത്തിനായുള്ള ബാന്‍ഡും പ്രത്യേക ഭക്ഷണവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ് താരം.

ടോക്യോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അതിനാല്‍ അതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കണമെന്നും സുശീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു നേരമായി അഞ്ചു റൊട്ടി, പച്ചക്കറി, ചോറ്, പരിപ്പ് എന്നിവയാണു സാധാരണ തടവുകാര്‍ക്കുള്ള ഭക്ഷണം. ഇതിനു പുറമേ പ്രതിമാസം ജയില്‍ കാന്റീനില്‍നിന്ന് ആറായിരം രൂപയ്ക്കുള്ള ഭക്ഷണവും വാങ്ങാം. എന്നാല്‍, തന്റെ ശരീരഘടന നിലനിര്‍ത്താന്‍ ഇവ അപര്യാപ്തമാണെന്നു സുശീല്‍ കുമാര്‍ പറയുന്നു. പ്രത്യേക ഡയറ്റിന്റെ ഭാഗമായി ഒമേഗ 3 കാപ്സ്യൂളുകളും മള്‍ട്ടിവിറ്റാമിന്‍ ഗുളികകളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് നാലാം തീയതി ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ഒളിവില്‍ പോയ സുശീല്‍ കുമാറിനെ രണ്ടാഴ്ചയ്ക്ക് ശേഷം വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ചാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പിടികൂടിയത്.

Content Highlights: Jailed Wrestler Sushil Kumar Demands Protein Shake and Exercise Bands