തിരുവനന്തപുരം: കേരളത്തിന് ഏറെനാള്‍ കാത്തിരുന്ന് ലഭിച്ച മത്സരമായിരുന്നു നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനം. വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഒന്‍പതു വിക്കറ്റിന്റെ വിജയം നേടി പരമ്പര സ്വന്തമാക്കിയതും തിരുവനന്തപുരത്തായിരുന്നു.
മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. കളിയിലെ താരത്തിന് പേടിഎം നല്‍കിയ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് കാര്‍ഡ് ജഡേജ സ്വീകരിക്കുന്നത് കേരളം ഒന്നാകെ കണ്ടതുമാണ്.
മത്സരങ്ങളില്‍ സ്ഥിരമായി ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ മത്സരശേഷം ഇവയ്ക്ക് എന്താണ് സംഭവിക്കാറുള്ളതെന്ന് ആര്‍ക്കെങ്കിലും അറിയാമോ. തിരുവനന്തപുരത്ത് ജഡേജ ലഭിച്ച കാര്‍ഡ് എത്തിപ്പെട്ടത് മാലിന്യക്കൂമ്പാരത്തിലാണ്. മത്സര ശേഷം ടീമുകള്‍ മടങ്ങിയ ശേഷമാണ് ഇത് ഉപേക്ഷിക്കപ്പെട്ടത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ ജയനാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഈ കാര്‍ഡ് ലഭിച്ചത്. പ്രകൃതി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. പ്രകൃതിക്ക് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കിക്കൂടേ എന്നു ചോദിച്ചാണ് സംഘടന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് എന്തുക്കൊണ്ട് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബി.സി.സി.ഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും, എന്നുകൂടി കുറിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം, കെ.സി.എ, ധോനി, കോലി, ജഡേജ എന്നിവരെയെല്ലാം മെന്‍ഷന്‍ ചെയ്താണ് പ്രകൃതി എന്ന പേജില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Content Highlights: jadeja's man of the match award in trivandrum's cesspool