മുംബൈ:  ഇന്ത്യയുടെ ഓഫ് സ്പിന്നറായിരുന്ന പിയൂഷ് ചൗളയുടെ അച്ഛന്റെ മരണവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഈ ദുഃഖകരമായ നിമിഷത്തില്‍ പിയൂഷ് ചൗളക്കും കുടുംബത്തിനും ദൈവം മനക്കരുത്ത് നല്‍കട്ടെയെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. 

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന പിയൂഷ് ചൗളയുടെ അച്ഛന്‍ പ്രമോദ് കുമാര്‍ ചൗള കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മരിച്ചത്. പിയൂഷിന് കരുത്ത് പകര്‍ന്ന് ഐ.പി.എല്‍. ടീം മുംബൈ ഇന്ത്യന്‍സും ട്വീറ്റ് ചെയ്തു. കുടുംബത്തിന്റെ നെടുംതൂണാണ് നഷ്ടപ്പെട്ടതെന്നും ഇനി ഒന്നും പഴയതുപോലെയാകില്ലെന്നും പിയൂഷ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിനും മുംബൈ ഇന്ത്യന്‍സ് ടീമും ആശ്വാസ വാക്കുകളുമായെത്തിയത്. ഐ.പി.എല്ലില്‍ ആകെ 156 വിക്കറ്റ് അക്കൗണ്ടിലുള്ള പിയൂഷ് ചൗള കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച്ച ഐ.പി.എല്‍. ടീം രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കറിയയുടെ അച്ഛനും കോവിഡ് മൂലം മരണപ്പെട്ടിരുന്നു. ഇന്ത്യന്‍ വനിതാ ടീമിലെ ഓള്‍റൗണ്ടര്‍ വേദ കൃഷ്ണമൂര്‍ത്തിയുടെ അമ്മയുടേയും സഹോദരിയൂടേയും ജീവന്‍ കോവിഡ് കവര്‍ന്നിരുന്നു.

Content Highlights: Its Heartbreaking To Know About Demise Of Piyush Chawlas Father Says Sachin Tendulkar