ടസ്‌കാനി (ഇറ്റലി): അന്തരിച്ച ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ കവര്‍ച്ച. ഇറ്റലിയെ 1982-ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റോസി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്.

ഇറ്റലിയുടെ വടക്കു-കിഴക്കന്‍ നഗരമായ വിസെന്‍സയില്‍ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍. ഇതിനു ശേഷം ടസ്‌കാനിയിലെ  വീട്ടില്‍ തിരിച്ചെത്തിയ റോസിയുടെ ഭാര്യ ഫെഡറിക്ക കാപ്പെല്ലെറ്റിയാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. 

റോസി ഉപയോഗിച്ചിരുന്ന വിലകൂടിയ വാച്ച് അടക്കമുള്ള അദ്ദേഹത്തിന്റെ വസ്തുക്കളും പണവും കവര്‍ച്ച ചെയ്യപ്പെട്ടതായി ഇറ്റലിയിലെ എ.എന്‍.എസ്.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ താരത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഫ്‌ളോറന്‍സിന്റെ തെക്കുകിഴക്കന്‍ നഗരമായ പോജിയോ സെന്നൈനയിലെ ഒരു ഫാം ഹൗസിലായിരുന്നു റോസിയുടെയും കുടുംബത്തിന്റെയും താമസം. അദ്ദേഹത്തിന് ഇവിടെ ജൈവ കൃഷിയുമായി ബന്ധപ്പെട്ട കമ്പനി ഉണ്ടായിരുന്നു.

Content Highlights: Italian World Cup hero Paolo Rossi s home burgled during funeral