ന്യൂഡല്‍ഹി: ഇന്ത്യ വെല്‍സ് ടൂര്‍ണമെന്റിനിടെ കോവിഡ്-19 ഭീതിയിലകപ്പെട്ടതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.

ദുബായില്‍ നിന്ന് യു.എസിലെ ഇന്ത്യ വെല്‍സ് ടൂര്‍ണമെന്റിനെത്തയപ്പോഴാണ് സ്ഥിതിഗതികളുടെ തീവ്രത തിരിച്ചറിഞ്ഞതെന്ന് സാനിയ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സാനിയ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

''മാര്‍ച്ച് എട്ടിന് ദുബായില്‍ നിന്ന് തിരിച്ച് 20 മണിക്കൂറിന് ശേഷമാണ് ടൂര്‍ണമെന്റ് നടക്കുന്നിടത്ത് എത്തിയത്. ഒരു മണിക്കൂറിന് ശേഷം ടൂര്‍ണമെന്റ് റദ്ദാക്കിയതായി അറിഞ്ഞു. ആ സമയത്താണ് ശരിക്കും കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസിലായത്. ലോകത്താകമാനം നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത്ര അടുത്തെത്തിയിരുന്നെന്ന് ഞാന്‍ കരുതിയിട്ടേയില്ലായിരുന്നു. ആ സമയത്ത് ഏഷ്യയിലും കിഴക്കന്‍ ഏഷ്യയിലുമായിരുന്നു രോഗം പടര്‍ന്നതെന്നായിരുന്നു കരുതിയിരുന്നത്. എന്നാലത് തീ പോലെ പടരുകയായിരുന്നുവെന്ന കാര്യം തിരിച്ചറിയാന്‍ വൈകി. ഇന്ത്യ വെല്‍സ് റദ്ദാക്കിയതോടെ സത്യത്തില്‍ എല്ലാവരും ഞെട്ടി. യാഥാര്‍ഥ്യം അപ്പോഴാണ് ശരിക്കും മനസിലായത്. അതായിരുന്നു ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തിയ സമയം'', സാനിയ പറഞ്ഞു.

ലോസ് ആഞ്ജലിസില്‍ നിന്ന് പിതാവ് ഇമ്രാന്‍ മിര്‍സയ്‌ക്കൊപ്പമാണ് സാനിയ ഉടന്‍ തന്നെ ഹൈദരാബാദിലേക്ക് തിരിച്ചത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇരുവരെയും സ്‌ക്രീനിങ്ങിന് വിധേയരാക്കിയിരുന്നു. യാത്രാ വിവരങ്ങളും അവിടെ നല്‍കി.

ലോസ് ആഞ്ജലീസില്‍ നിന്ന് എത്തിയപാടേ താനും പിതാവും സ്വമേധയാ ഐസൊലേഷന് വിധേയരാകാന്‍ താരുമാനിക്കുകയായിരുന്നുവെന്നും സാനിയ പറയുന്നു. അന്ന് അത് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ അന്ന് ആ തീരുമാനമെടുത്തത് നന്നായെന്ന് തോന്നുന്നുവെന്നും സാനിയ വ്യക്തമാക്കി.

Content Highlights: It was spreading like fire Sania Mirza shares Covid-19 experience