കോര്‍ട്ടില്‍ നേട്ടങ്ങള്‍ ഏറെയുണ്ടാക്കിയിട്ടും അധിക്ഷേപങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാതിരുന്ന താരമാണ് ഇന്ത്യയുടെ ടെന്നിസ് ഐക്കണ്‍ സാനിയ മിര്‍സ. ഈ രോഷമൊക്കെ ഉള്ളിലൊതുക്കിയാണ് സാനിയ ഇക്കാലമത്രയും നേട്ടങ്ങളൊക്കെ വെട്ടിപ്പിടിച്ചത്. ഇപ്പോഴിതാ തന്നെ നിരന്തരം വേട്ടയാടുന്ന മനസ്ഥിതിക്കെതിരേ തുറന്നടിച്ച് രംഗത്തുവന്നിരിക്കുകയാണ് സാനിയ.

ഒരു വനിതാ താരവും മറ്റൊരു താരത്തിന്റെ ഭാര്യയുമായതുകൊണ്ട് അനുഭവിക്കേണ്ടിവന്ന കാര്യങ്ങളെക്കുറിച്ചാണ് സ്മൃതി മന്ദാന, ജെമെയ്മ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പമുള്ള ഡബിള്‍ ട്രബിള്‍ എന്ന യൂട്യൂബ് ചാറ്റ് പരിപാടിയില്‍ സാനിയ തുറന്നു പറഞ്ഞത്.

sania tweet

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ദമ്പതികളായ മിച്ചല്‍ സ്റ്റാര്‍ക്കിനെയും അലിസ്സ ഹെയ്‌ലിയെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിനെക്കുറിച്ചുള്ള ട്വീറ്റിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു സാനിയ. ഇന്ത്യയിലായിരുന്നെങ്കില്‍ സ്റ്റാര്‍ക്കിനെ ഭാര്യയുടെ സാരിത്തുമ്പില്‍ തൂങ്ങുന്നവനെന്ന് അധിക്ഷേപക്കുമായിരുന്നുവെന്നാണ് സാനിയ അന്ന് കുറിച്ചത്. ഇതിനെതിരേ വലിയ വിര്‍മശനമാണ് ട്വിറ്ററില്‍ സാനിയക്ക് നേരിടേണ്ടിവന്നത്.

'ഞാനും അനുഷ്‌ക്കയും നിരന്തരം നേരിടുന്നൊരു പ്രശ്‌നമാണിത്. നമ്മള്‍ ഇതിനെ ഒരു തമാശയായാണ് കാണുന്നത്. എന്നാല്‍, എന്റെ അഭിപ്രായത്തില്‍ ഇതൊരു കൂടുതല്‍ ആഴത്തിലുള്ള സാംസ്‌കാരിക പ്രശ്‌നമാണ്. സ്ത്രീകളെ കരുത്തായല്ല, അലോസരമായി കാണുന്ന പ്രശ്‌നം. ഒരാളുടെ കാമുകിയോ ഭാര്യയോ ഒപ്പമുണ്ടെങ്കില്‍ അയാളുടെ ശ്രദ്ധ നഷ്ടപ്പെടും എന്നു പറയുന്നത് എന്തൊരു വിരോധാഭാസമാണ്. സ്റ്റാര്‍ക്ക് ഭാര്യ കളിക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ പോയപ്പോള്‍ എല്ലാവരും അഭിനന്ദിച്ചു.  അപ്പോള്‍ ഷോയിബ് അതുപോലെ എനിക്കുവേണ്ടി ചെയ്യുന്ന കാര്യമാണ് ഞാന്‍ ഓര്‍ത്തത്. അങ്ങനെ സംഭവിച്ചാല്‍ സന്തോഷമടക്കാനാവുമായിരുന്നില്ല എനിക്ക്.  അപ്പോഴാണ് ഇവിടെയായിരുന്നെങ്കില്‍ സ്റ്റാര്‍ക്ക് ഭാര്യയുടെ സാരിത്തുമ്പില്‍ തൂങ്ങുന്നയാളാണെന്ന് പറയുമെന്ന് എനിക്ക് തോന്നിയത്. ചിലപ്പോള്‍ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ ഏറ്റവും പറ്റിയ ആയുധം ഹാസ്യം തന്നെയാണ്.

ഈയൊരു വിഷയത്തെക്കുറിച്ച് ഞാനും അനുഷ്‌ക്കയും ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേരും ഇത്തരം കാര്യങ്ങൾ ഒരുപാട് അനുഭവിച്ചവരാണ്-സാനിയ പറഞ്ഞു.

Content Highlights: Sania Mirza, Anushka Sharma Smriti Mandhana Jemim, Tennis, Double Trouble