ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ - സൗരഭ് ചൗധരി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഇത്തവണത്തെ ഷൂട്ടിങ് ലോകകപ്പില്‍ സൗരഭ് ചൗധരിയുടെ രണ്ടാം സ്വര്‍ണമാണിത്. ഇതോടെ ഈ ഇനത്തിലും ഇന്ത്യ 2020 ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. 

ഡല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ 483.4 പോയന്റ് നേടിയാണ് മനു ഭാകര്‍ - സൗരഭ് ചൗധരി സഖ്യം വിജയത്തിലെത്തിയത്. ഈ ഇനത്തില്‍ ചൈന വെള്ളിയും കൊറിയ വെങ്കലവും കരസ്ഥമാക്കി.

യോഗ്യതാ റൗണ്ടില്‍ 778 പോയന്റെന്ന ലോക റെക്കോഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് ഇരുവരും ഫൈനലില്‍ കടന്നത്. ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ തന്നെ ഹീന സിദ്ധു - അഭിഷേക് വര്‍മ സഖ്യത്തിന് പക്ഷേ ഫൈനലിന് യോഗ്യത നേടാനായില്ല.

നേരത്തെ പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സൗരഭ് ചൗധരി സ്വര്‍ണം നേടിയത്. ഇതോടെ സൗരഭ് ഡബിള്‍ തികയ്ക്കുകയും ചെയ്തു. 2020 ടോക്കിയോ ഒളിമ്പിക്‌സിനു യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സൗരഭ് സ്വന്തമാക്കി. 245.0 എന്ന റെക്കോഡ് സ്‌കോറോടെയായിരുന്നു സൗരഭിന്റെ സ്വര്‍ണനേട്ടം. 

ശനിയാഴ്ച ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല സ്വര്‍ണം നേടിയിരുന്നു. റെക്കോഡോടെയായിരുന്നു അപൂര്‍വിയുടെയും സ്വര്‍ണനേട്ടം. അപൂര്‍വിയും ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.

Content Highlights: issf world cup manu bhaker saurabh chaudhary wins gold