ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം സ്വര്‍ണം കരസ്ഥമാക്കി സൗരഭ് ചൗധരി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ 245.0 എന്ന റെക്കോഡ് സ്‌കോറോടെയാണ് സൗരഭിന്റെ സ്വര്‍ണനേട്ടം. സെര്‍ബിയയുടെ ഡാമിര്‍ മൈക്കിനെയാണ് സൗരഭ് മറികടന്നത്. 

ശനിയാഴ്ച ഇന്ത്യയ്ക്കായി വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല സ്വര്‍ണം നേടിയിരുന്നു. റെക്കോഡോടെയായിരുന്നു അപൂര്‍വിയുടെയും സ്വര്‍ണനേട്ടം.

നേരത്തെ യൂത്ത് ഒളിമ്പിക്‌സിലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ജൂനിയര്‍ തലത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ സൗരഭിന്റെ സീനിയര്‍ തലത്തിലെ ആദ്യ സ്വര്‍ണനേട്ടമാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജൂനിയര്‍ തലത്തിലെ റെക്കോഡും സൗരഭിന്റെ പേരിലാണ്.

issf shooting world cup saurabh chaudhary wins gold medal

ഡല്‍ഹി ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ കാഴ്ചവെച്ച പ്രകടനത്തോടെ 2020 ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനും സൗരഭിനായി. 

ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ എതിരാളികള്‍ക്കുമേല്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു സൗരഭിന്റെ വിജയം. അവസാന ഷോട്ടിനു മുന്‍പുതന്നെ സൗരഭ് വിജയം ഉറപ്പിച്ചിരുന്നു. 

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഗെയിംസ് റെക്കോഡോടെയായിരുന്നു ഇതേയിനത്തില്‍ സൗരഭിന്റെ സ്വര്‍ണ നേട്ടം. കൊറിയയുടെ ജിന്‍ ജിന്‍ഗോഹ് അടക്കമുള്ള ലോകതാരങ്ങളെ മറികടന്നായിരുന്നു സൗരഭിന്റെ അന്നത്തെ നേട്ടം. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സൗരഭിനെ തേടിയെത്തിയിരുന്നു. 

കെ.എസ്.എസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് ജീത്തു റായിയെ അട്ടിമറിച്ച് ഷൂട്ടിങ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ച താരമാണ് സൗരഭ്. സീനിയര്‍ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് ദേശീയ തലത്തിലും ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്. മീററ്റിനടുത്തുള്ള കലിനയാണ് സൗരഭിന്റെ സ്വദേശം.

Content Highlights: issf shooting world cup saurabh chaudhary wins gold medal